ഖത്തര്‍: ഹാജിമാര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തണം

Posted on: September 18, 2013 7:23 am | Last updated: September 18, 2013 at 7:23 am
SHARE

qna_haj_17092013ദോഹ: രാജ്യത്ത് നിന്ന് വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്ക് കര്‍ശനനിര്‍ദേശങ്ങളുമായി ഹജ്ജ് ഫോറം. ഹജ്ജ് യാത്രയിലുട നീളം തങ്ങളുടെ ആരോഗ്യപരിപാലനത്തിനുപയുക്തമായ ബോധവല്‍ക്കരണങ്ങളുമായാണ് ഫോറം ഹാജിമാരെ സമീപിക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള പ്രത്യേക പ്രതിരോധ കുത്തിവെപ്പ് കര്‍ശനമായി പാലിക്കണം. പനി, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെ തടയാന്‍ ഈ കുത്തി വെപ്പ് സഹായകമാകും. കൊറോണ വൈറസ് ബാധയുള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കെ ഹജ്ജ് ഫോറത്തിന്റെ ആഹ്വാനങ്ങള്‍ക്ക് പ്രസക്തിയേറിയിട്ടുണ്ട്. ആരോഗ്യ നിര്‍ദേശങ്ങളോടൊപ്പം സുരക്ഷാപാലനത്തിനുള്ള നിര്‍ദേശങ്ങളും ഹജ്ജ് ഫോറം നല്‍കുന്നു. അതനുസരിച്ച് മക്കയിലെ ഹറം പ്രദേശത്ത് നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ തിരക്കു കൂട്ടുന്ന പ്രവണത ഉപേക്ഷിക്കണം. ആരോഗ്യകരമായ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവര്‍ യാത്രതിരിക്കുന്നതിന്റെ പത്ത് ദിവസം മുമ്പെങ്കിലും അതാതു ആരോഗ്യകേന്ദ്രങ്ങളില്‍ ചെന്ന് ആവശ്യമായ കുത്തിവെപ്പ് എടുത്തിരിക്കണം. ഖത്തര്‍ ഹജ്ജ് സംഘത്തിലെ ആരോഗ്യവിഭാഗം തലവന്‍ ഡോ. മിഷ്അല്‍ അല്‍ മിസൈഫീരിയാണ് ഹജ്ജ് ഫോറത്തിന് വേണ്ടി ഇക്കാര്യങ്ങള്‍ അറിയിച്ചത്.