വിമാനങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരത്ത് അത്യാധുനിക റഡാര്‍ സംവിധാനം

Posted on: September 18, 2013 7:06 am | Last updated: September 18, 2013 at 7:08 am

tvm airport....tvm picതിരുവനന്തപുരം: കാലാവസ്ഥ പ്രതികൂലമായാലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇനി സുഗമമായി ഇറങ്ങാം. ലാന്‍ഡിംഗ് മാത്രമല്ല, ടേക്ക് ഓഫും സുഗമമാക്കാന്‍ കഴിയും വിധം അത്യാധുനിക റഡാര്‍ സംവിധാനം ഇവിടെയും നിലവില്‍ വന്നു. ഒരാഴ്ച മുമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയ സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നിര്‍വഹിച്ചു. ചൈനീസ് യുവതിക്ക് വിമാനത്തില്‍ പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗിന് സാധിച്ചതോടെ തന്നെ പുതിയ റഡാര്‍ സംവിധാനത്തിന്റെ മികവ് ബോധ്യപ്പെട്ടു.
~ എയര്‍ക്രാഫ്റ്റുകള്‍ തമ്മിലുള്ള അകലം 80 നോട്ടിക്കല്‍മൈലില്‍ നിന്ന് കേവലം 10 നോട്ടിക്കല്‍ മൈലിലേക്ക് കുറക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് പുതിയ റഡാര്‍ സംവിധാനത്തിന്റെ മുഖ്യആകര്‍ഷണം. എയര്‍ക്രാഫ്റ്റുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കിക്കൊണ്ടുള്ള സുരക്ഷിത പാത ഒരുക്കാന്‍ ഇതിലൂടെ സാധിക്കും.
കൂടുതല്‍ വ്യോമമേഖല റഡാറിന്റെ നിരീക്ഷണ വലയത്തിലാകുന്നതോടെ ഒരേസമയം കൂടുതല്‍ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറക്കാം. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നതിനാലാണിത്. കൊച്ചിയിലും പുതിയ റഡാര്‍ സംവിധാനമൊരുക്കിയതോടെ കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങള്‍ക്കിടയിലെ ദൃശ്യവിടവ് നികത്താനായി. 18 വര്‍ഷം പഴക്കമുള്ള പഴയ റഡാര്‍ സംവിധാനം മാറ്റിയാണ് പുതിയ കാലത്തിനൊത്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റഡാര്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1.60 ദശലക്ഷം യൂറോ ആണ് ചെലവ്. പുതിയ സംവിധാനത്തോടെ തിരുവനന്തപുരം ഏരിയാ കണ്‍ട്രോള്‍ സെന്ററിന് കീഴില്‍ മധുര, തൃച്ചി, തൂത്തുക്കുടി, അഗത്തി വിമാനത്താവളങ്ങള്‍ വരും.
200 നോട്ടിക്കല്‍ മൈല്‍ ആണ് പരിധിയെങ്കിലും 290 നോട്ടിക്കല്‍ മൈല്‍വരെ തിരുവനന്തപുരത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. ലാന്‍ഡിംഗിനും ടേക്ക് ഓഫിനുമുള്ള സമയം നല്ലപോലെ കുറയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇതിലൂടെ ഇന്ധന ലാഭവുമുണ്ടാകും.ഉദ്ഘാടന ചടങ്ങില്‍ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, എ എന്‍ എസ് പ്രതിനിധി വി സോമസുന്ദരം, എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി എന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.