Connect with us

Editorial

അനന്തമൂര്‍ത്തിയുടെ ആശങ്ക

Published

|

Last Updated

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ച ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗ തീരുമാനവുമായി ബന്ധപ്പെട്ടു സാംസ്‌കാരിക മേഖലയില്‍ നിന്നുണ്ടായ ആദ്യ പ്രതികരണം കന്നഡ സാഹിത്യകാരനും ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിയുടെതാണ്. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യ വിടുമെന്നാണ് ബംഗളുരുവില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മോഡി അധികാരത്തിലേറിയാല്‍ രാഷ്ട്രപിതാവ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും വിഭാവനം ചെയ്ത ഇന്ത്യ കേവല സ്വപ്‌നമായി അവശേഷിക്കുമെന്നും സര്‍ക്കാറിനെ ഭയന്ന് ജനം നെട്ടോട്ടമോടേണ്ട സ്ഥിതിവിശേഷം സംജാതമാകുമെന്നും അദ്ദേഹം ആശങ്കപ്പെടുകയുണ്ടായി.
മോഡിയുടെ “വികസന മാതൃക”ക്കും ഗുജറാത്ത് മോഡലിനും ദേശീയ മാധ്യമങ്ങളും രാജ്യത്തെ ഉപരിവര്‍ഗവും പ്രചുരപ്രചാരം നല്‍കുകയും രാഷ്ട്രീയ പ്രതിയോഗികളും മതേതര നേതാക്കളും വരെ അതിന്റെ സ്വാധീന വലയത്തിലകപ്പെടുകയും ചെയ്യവേയാണ് അനന്തമൂര്‍ത്തിയുടെ ഈ കടുത്ത പ്രതികരണമെന്നത് ശ്രദ്ധേയമാണ്. വികസന നായകന്റെ മുഖംമൂടിക്ക് പിന്നില്‍ ഹിറ്റ്‌ലറെ പോലെ അതിക്രൂരനായ ഒരു നരാധമന്റെ മുഖമാണ് മോഡിയുടെതെന്നും അദ്ദേഹം നയിക്കുന്ന ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ഭൂരിപക്ഷ സമുദായത്തിലെ വരേണ്യേതര വിഭാഗങ്ങള്‍ക്കും രക്ഷയുണ്ടാകില്ലെന്നും വര്‍ണാശ്രമ വ്യവസ്ഥയുടെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടില്ലാത്ത സാംസ്‌കാരിക നായ കരത്രയും മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രപിതാവ് ഗാന്ധിജിയെ പോലും തോക്കിനിരയാക്കുക മാത്രമല്ല, ഗാന്ധിവധം മധുരം വിളമ്പി ആഘോഷിക്കുക കൂടി ചെയ്ത സവര്‍ണ ഫാസിസം ലക്ഷ്യമാക്കുന്നത് ഹൈന്ദവ ഇന്ത്യയല്ല, ബ്രാഹ്മണ ആധിപത്യത്തിലധിഷ്ഠിതമായ വര്‍ണാശ്രമ രാജ്യമാണ്. മോഡി ഭരണത്തില്‍ ഗുജറാത്തിലെ മതന്യൂനപക്ഷങ്ങളുടെയും സാധാരണക്കാരന്റെയു ദൈ്യന്യതയാര്‍ന്ന ജീവിതം നമ്മുടെ മുമ്പിലുണ്ട്. ഗുജറാത്ത് വംശഹത്യയില്‍ 2000ത്തോളം പേരെയാണ് മോഡിയുടെ അനുയായികള്‍ കൊന്നൊടുക്കിയത്. കിടപ്പാടം നഷ്ടപ്പെട്ട വര്‍ ഒന്നര ലക്ഷവും സംസ്ഥാനത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കുന്ന നിരാലംബര്‍ 30,000ത്തോളവും വരും. സമ്പന്നരും കുത്തകകളും തടിച്ചു കൊഴുത്തപ്പോള്‍ സംസ്ഥാനത്ത് 32 ശതമാനമായിരുന്ന ദാരിദ്ര്യരേഖ 39 ശതമാനമായി ഉയരുകയിരുന്നു. ഗുജറാത്ത് വികസനമെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു, മല്ലിക സാരാഭായ്, നന്ദിതാ ദാസ്, സഫ്ദര്‍ ഹഷ്മിയുടെ സഹോദരി ശബ്‌നം ഹഷ്മി തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണക്കുകള്‍ ഉദ്ധരിച്ചു ചൂണ്ടിക്കാണിച്ചതാണ്.
മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ ഇന്ത്യയാണ് സ്വതന്ത്ര ഇന്ത്യയുടെ ശില്‍പ്പികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സവര്‍ണ ഫാസിസം നാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനിയില്‍ രൂപം കൊണ്ട തീവ്ര വംശീയപ്രത്യയശാസ്ത്രമായ നാസിസം ലോകം ഭരിക്കാന്‍ യോഗ്യര്‍ “ജര്‍മന്‍ ആര്യവശം”മാത്രമാണെന്നും മറ്റെല്ലാ വിഭാഗങ്ങളും ആശയങ്ങളും ആര്യവംശപുരോഗതിയുടെ ശത്രുക്കളാണെന്നും സിദ്ധാന്തിക്കുമ്പോള്‍, ഇന്ത്യ ഭരിക്കാന്‍ അര്‍ഹത ബ്രാഹ്മണിസത്തിന് മാത്രമാണെന്നും മറ്റു വിഭാഗങ്ങള്‍ ബ്രാഹ്മണിസത്തിന്റെ ശത്രക്കളാണെന്നും ഇന്ത്യയിലെ ആര്യന്മാര്‍ വിശ്വസിക്കുന്നു. ജര്‍മന്‍ ആര്യവംശത്തിന്റെ പുരോഗതിക്കും വംശശുദ്ധിക്കും ശത്രുവംശങ്ങളുടെ ഉന്മൂലനം ദേശീയ നയമായി പ്രഖ്യാപിച്ച ജര്‍മന്‍ നാസിസത്തെ ഇന്ത്യന്‍ നാസിസം അനുകരിക്കാത്തത് തനിച്ചു അധികാരം കൈവരാത്തത് കൊണ്ട് മാത്രമാണ്. എങ്കിലും വര്‍ഗീയ കലാപങ്ങളിലൂടെ പരോക്ഷമായി അതവര്‍ നടപ്പാക്കി വരുന്നുണ്ട്. തനിച്ചു അധികാരം കിട്ടിയാല്‍ അവരുടെ തനിനിറം പുറത്തുവരും. സര്‍ക്കാറിനെ ഭയന്ന് ജനങ്ങള്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന് അനന്തമൂര്‍ത്തി പറഞ്ഞത് നാസിസത്തെയും സവര്‍ണ ഫാസിസത്തെയും നന്നായി പഠിച്ചറിഞ്ഞതു കൊണ്ട് തന്നെയാണ്.
പോരായ്മകളും വീഴ്ചകളുമേറെയുണ്ടെങ്കിലും കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മതേതരത്വമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സംഘ്പരിവാറിന് ആധിപത്യമുള്ള ഇന്ത്യ മതേതരത്വത്തിന് അന്ത്യം കുറിക്കുമെന്ന് ചിന്താശേഷിയുള്ള സാംസ്‌കാരിക നേതാക്കള്‍ തിരിച്ചറിയുമ്പോള്‍ രാജ്യത്തെ മതേതര കക്ഷികള്‍ അവസരവാദ കൂട്ടുകെട്ടിലൂടെ ഇത്തരം കറുത്ത ശക്തികള്‍ക്ക് കരുത്ത് പകരുന്നുവെന്നതാണ് ആശങ്കാജനകം.