Connect with us

National

മുസഫര്‍ നഗര്‍: സൈന്യത്തെ പിന്‍വലിച്ചു

Published

|

Last Updated

ലക്‌നോ: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിന്യസിച്ച സൈനികരെ പിന്‍വലിച്ചു. പ്രദേശം പൂര്‍ണ തോതില്‍ സാധാരണ നിലയിലായതായി പോലീസ് അധികൃതര്‍ അറിയിച്ചു. അതേസമയം, മേഖല സാധാരണനിലയിലായെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും വീടും ഭൂമിയും ഉപേക്ഷിച്ച് അഭയാര്‍ഥികളായവര്‍ തിരിച്ചുവരാന്‍ ഭയക്കുകയാണ്. തങ്ങള്‍ അക്രമിക്കപ്പെടുമെന്ന ഭയത്തിലാണിവര്‍. അതിനിടെ, കലാപത്തെ സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
മേഖല പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലായെന്നും അതിനാല്‍ സൈന്യത്തെ പിന്‍വലിച്ചിരിക്കുകയാണെന്നും എ ഡി ജി പി അരുണ്‍ കുമാര്‍ പറഞ്ഞു. സൈന്യത്തിന്റെ 28 യൂനിറ്റുകളെയാണ് മുസാഫര്‍നഗറില്‍ വിന്യസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വീടും ഭൂമിയും ഉപേക്ഷിച്ച് പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം ഉടനെ ആരംഭിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുസാഫര്‍നഗര്‍ സന്ദര്‍ശിച്ചിരുന്നു. അക്രമിക്കുപ്പെടുമെന്ന ഭയം കാരണം തങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നില്ലെന്ന് അയല്‍പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഇരുവരോടും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറില്‍ തീരെ വിശ്വാസമില്ലെന്ന് വാസികലാന്‍ ഗ്രാമത്തില്‍ അറബിക് കോളജില്‍ കഴിയുന്ന അഭയാര്‍ഥികള്‍ പറഞ്ഞു. വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായിരുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടു.

Latest