Connect with us

Gulf

ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: എ ഡി ഇ സി

Published

|

Last Updated

അബുദാബി: മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റര്‍മാരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വര്‍ധനവിനായി സമീപിച്ച സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കാണ് എ ഡി ഇ സി(അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍) ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫീസ് വര്‍ധനക്കായി എ ഡി ഇ സിയെ സമീപിക്കുന്നവര്‍ കുട്ടികളെ എത്തിക്കുന്ന സ്വന്തം വാഹനങ്ങളുടെ നിലവാരം നൂറു ശതമാനം സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഗതാഗത വകുപ്പിലെ റിലേഷന്‍സ് മാനേജര്‍ അലി മക്കി ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് എ ഡി ഇ സിയുമായി സഹകരിച്ചാണ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കര്‍ശമനമായി പാലിക്കുന്നോണ്ടോയെന്ന് ഉറപ്പാക്കാന്‍ സൈറ്റ് സന്ദര്‍ശനം ഉള്‍പ്പെടെയുള്ളവ ഗാതഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. എ ഡി ഇ സി അംഗങ്ങള്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, അബുദാബി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌കൂള്‍ ട്രാന്‍സ്‌പോട്ടേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്നലെ മുശ്‌രിഫ് മേഖലയിലെ വിശ്വന്‍ പ്രൈവറ്റ് സ്‌കൂളില്‍ പരിശോധന നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും സൗകര്യങ്ങളും കാര്യക്ഷമാക്കുകയെന്നതാണ് വിദ്യാലയങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ പ്രേരണ.
ഏതെങ്കിലും വിദ്യാലയത്തിന് മേല്‍ പിഴ ചുമത്തുകയല്ല ലക്ഷ്യം. ഇത് വിദ്യാലയ അധികൃതര്‍ മനസിലാക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. പരിശോധനകളില്‍ സംതൃപ്തിയുണ്ട്.
പരിശോധന നടത്തിയ വിവിധ വിദ്യാലയങ്ങള്‍ സ്‌കൂള്‍ വാഹനം സംബന്ധിച്ച് എ ഡി ഇ സിക്കൊപ്പം ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വാഹനങ്ങള്‍ പരിഷ്‌ക്കരിച്ചതായും മക്കി വെളിപ്പെടുത്തി. സെപ്തംബര്‍ മാസത്തിന്റെ തുടക്കം വരെ 50 ശതമാനം ബസ് ഓപറേറ്റര്‍മാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ സജ്ജീകരണങ്ങള്‍ വാഹനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയാണ് ഇവ നടപ്പാക്കാത്ത ഓപറേറ്റര്‍മാര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സുരക്ഷ ഉറപ്പാക്കാന്‍ വാഹനങ്ങളില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി കഴിഞ്ഞ ആഴ്ച നല്‍കിയ റിപോര്‍ട്ടില്‍ 1,000 സ്‌കൂള്‍ ബസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായി റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ 80 ശതമാനം നിര്‍ദ്ദേശങ്ങളും കുറേ സ്വകാര്യ വിദ്യാലയങ്ങള്‍ നടപ്പാക്കിയതായി എ ഡി ഇ സിയുടെ ലൈസന്‍സിംഗ് ആന്‍ഡ് അക്രെഡിറ്റേഷന്‍ വിഭാഗം മാനേജര്‍ ഡോ. ജോര്‍ജ്ജ് വെളിപ്പെടുത്തി. 184 സ്വകാര്യ വിദ്യാലയങ്ങളിലായി എമിറേറ്റില്‍ 5,500 ബസുകളാണ് കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ട്രാന്‍സ്‌പോട്ടേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ എ ഡി ഇ സി അനുമതി നിഷേധിച്ചതായി വിഷ്വന്‍ പ്രൈവറ്റ് സ്‌കൂള്‍ മാനേജര്‍ നബീല്‍ അബു ജറാദ് വ്യക്തമാക്കി. വിദ്യാലയത്തില്‍ എത്തുന്ന പകുതി കുട്ടികളും സ്‌കൂള്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. 25 ബസുകളാണ് വിദ്യാലയത്തിനുള്ളത്. ഇവയുടെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കുന്നില്ലെങ്കില്‍ വില്‍പ്പന നടത്താന്‍ നിര്‍ബന്ധിതമാവും. രണ്ടു മാസത്തിനകം മുഴുവന്‍ ബസുകളും ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
50 ശതമാനം സ്‌കൂള്‍ ബസുകള്‍ പുതിയ ചട്ടങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ പരിഷ്‌ക്കരണം നടപ്പാക്കിയതായി എ ഡി ഇ സി സ്‌കൂള്‍ സര്‍വീസ് ഡിവിഷന്‍ മാനേജര്‍ ഖാലിദ് അല്‍ അന്‍സാരിയും വ്യക്തമാക്കി.