വ്യാജ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; രണ്ടുപേര്‍ പിടിയില്‍

Posted on: September 17, 2013 10:57 pm | Last updated: September 17, 2013 at 10:57 pm

അബുദാബി: സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കി പണം സമ്പാദിച്ചിരുന്ന രണ്ടുപേരെ അബുദാബി പോലീസ് പിടികൂടി. ഇതില്‍ ഒരാള്‍ അറബ് വംശജനും രണ്ടാമന്‍ ഏഷ്യക്കാരനുമാണ്.
അബുദാബി മുസഫ്ഫയിലെ 42 വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയത്. അബുദാബി നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍, അടിസ്ഥാന ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാതെ ചില സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കിയതായി കണ്ടെത്തിയിരുന്നു. മുസഫ്ഫയിലാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കൂടുതലും കണ്ടെത്തിയത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തെക്കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഇത്തരം സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതിയിക്കയതെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഒരു സ്ഥാപനത്തിന്റെ പി ആര്‍ ഒമാരായ രണ്ടുപേരെ പിടികൂടി. ഒരാള്‍ അറബ് വംശജനും രണ്ടാമന്‍ ഏഷ്യക്കാരനുമാണ്.
വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചു നല്‍കിയതിനു നേരത്തെ ഇവര്‍ നിയമ നടപടി നേരിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. നിബന്ധനകള്‍ പാലിക്കപ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് വന്‍ തുക കോഴ വാങ്ങിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നത്.
സ്ഥാപനങ്ങളും വ്യക്തികളും ഇത്തരം നിയമലംഘനങ്ങളില്‍ അകപ്പെടരുതെന്നും ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ കടുത്ത നിയമ നടപടിക്ക് വിധേയരാകുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.