പി കെ ഉസ്താദ്: സേവന നിരതനായ മതപണ്ഡിതന്‍

Posted on: September 17, 2013 7:39 am | Last updated: September 17, 2013 at 7:39 am

701ദോഹ: സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖകളില്‍ കഴിവ് തെളിയിച്ച നിഷ്‌കാമകര്‍മ്മിയായ ദീനീസേവകനും മാതൃകായോഗ്യനായ മതപ്രബോധകനുമായിരുന്നു ഇയ്യിടെ അന്തരിച്ച പി കെ ഉസ്താദെന്നു ഹസനിയ്യയില്‍ ചേര്‍ന്ന അനുസ്മരണ പ്രാര്‍ഥനാ സംഗമം അഭിപ്രായപ്പെട്ടു. ഖത്തര്‍ നാഷണല്‍ ഐ സി എഫ് സംഘടിപ്പിച്ച സംഗമത്തില്‍ ഉസ്താദുമായി ബന്ധമുള്ള ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു. വൈജ്ഞാനികവും സേവനപരവുമായ ജീവിതവഴിയില്‍ നിരന്തരം സഞ്ചരിച്ചപ്പോള്‍ ഉസ്താദിനു ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനായി. ഉസ്താദിനെ കുറിച്ച് നന്മയുടെ ഓര്‍മ്മകള്‍ മാത്രം പങ്കു വെക്കുന്ന ഈ സദസ്സ് അതിനുദാഹരണമാണ്. സുന്നി സംഘടനകള്‍ക്കും സ്ഥാപ നങ്ങള്‍ക്കും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് പി.കെ ഉസ്താദ് കടന്നു പോയത്. ഖത്തറിന്റെ സ്വന്തം പി.കെ ഉസ്താദിനോടുള്ള സഹകാരികളുടെ സ്‌നേഹവായ്പുകളും അവരുടെ വേര്‍പ്പാടിലുള്ള ദുഃഖവും തളം കെട്ടി നില്‍ക്കുന്നതായി മാറി അനുസ്മരണ സംഗമം. പ്രാര്‍ഥനകളും ദുഖവും സ്‌നേഹവും സമ്മേളിച്ച പി.കെ ഉസ്താദ് അനുസ്മരണ സംഗമത്തില്‍ നൂറുക്കണക്കിനു പേര്‍ പങ്കെടുത്തു. ഖത്തര്‍ ഐ.സി.എഫ് പ്രസിഡണ്ട് പറവണ്ണ അബ്ദുല്‍ റസാഖ് മൗലവിയുടെ അധ്യക്ഷതയില്‍ കുഞ്ഞബ്ദുള്ള കടമേരി സംഗമം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി, അബ്ദുല്‍ ലത്തീഫ് സഖാഫി കോട്ടുമല, മായനാട് അഷ്‌റഫ് സഖാഫി,കടവത്തൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുല്‍ സലാം ഹാജി പുത്തനത്താണി, പാടി അബ്ദുള്ളക്കുഞ്ഞി, ഉമര്‍ കുണ്ടുതോട്, കെ.പി.പി തങ്ങള്‍ തലശ്ശേരി , എന്‍ജിനീയര്‍ അഷ്‌റഫ്, പി.കെ.അഹമദ്കുട്ടി എനിവര്‍ സംസാരിച്ചു. സംഗമത്തില്‍ പി.കെ ഉസ്താദിന് വേണ്ടി ഖത്മുല്‍ ഖുര്‍ആന്‍, തഹ് ലീല്‍ പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടത്തി. അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും മുഹമ്മദ് ഷാഹ് ആയഞ്ചേരി നന്ദിയും പറഞ്ഞു.