മുസാഫര്‍നഗര്‍ ശാന്തമാകുന്നു; സൈന്യത്തെ ഇന്നു പിന്‍വലിക്കും

Posted on: September 17, 2013 7:24 am | Last updated: September 17, 2013 at 7:24 am
SHARE

musafarമുസാഫര്‍നഗര്‍: അമ്പതോളം പേരുടെ മരണത്തിനും നിരവധി പേര്‍ ഭവന രഹിതരാവുന്നതിനു കാരണമായ വര്‍ഗ്ഗീയ കലാപത്തിന് ശേഷം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ശാന്തമാവുന്നു. ജില്ലയില്‍ വിന്യസിച്ചിരുന്ന സൈനികരെ ചൊവ്വാഴ്ച തന്നെ പിന്‍വലിച്ചേക്കും.

കലാപം ആരംഭിച്ച സെപ്റ്റംബര്‍ എട്ടുമുതല്‍ എട്ടു ബറ്റാലിയന്‍ സൈനികരെയാണ് മുസാഫര്‍നഗറില്‍ വിന്യസിച്ചിരുന്നത്. ഇവരെ മീററ്റ് കന്റോണ്‍മെന്റിലേക്കു തിരിച്ചയയയ്ക്കും. എന്നാല്‍ അര്‍ധസൈനിക വിഭാഗം സ്ഥലത്തു കാവല്‍ തുടരും.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മുസാഫര്‍നഗറില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് സൈന്യത്തെ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം എത്തിയത്.

അതേസമയം വൈകുന്നേരം ഏഴിനു ശേഷം മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. കലാപം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ അറിയിച്ചു. 30 പോലീസ് ഇന്‍സ്‌പെക്ടര്‍മാരും മൂന്നു ഡപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.