ചരക്കുലോറി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറി

Posted on: September 16, 2013 7:23 am | Last updated: September 16, 2013 at 7:25 am

താമരശ്ശേരി: അമിത വേഗതയിലെത്തിയ ചരക്കുലോറി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറി. ദേശീയപാതയില്‍ താഴെ പരപ്പന്‍പൊയില്‍ വളവില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട് പുല്‍പ്പള്ളിയിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരികിലെ ടൂ വീലര്‍ വര്‍ക്ക് ഷോപ്പിന്റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോറിയിടിച്ച് കമ്പികള്‍ക്കൊപ്പം വൈദ്യുതി പോസ്റ്റ് നിലം പതിച്ചതിനാല്‍ സമീപത്തെ മറ്റൊരു പോസ്റ്റും മുറിഞ്ഞു. ലോറി ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കെ എസ് ഇ ബിക്ക് ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. വര്‍ക്ക് ഷോപ്പിന്റെ മേല്‍ക്കൂരയും മതിലും തകര്‍ന്നു.
താഴെ പരപ്പന്‍പൊയില്‍ ഓടക്കുന്ന് റോഡിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ പുലര്‍ച്ചെ മുതല്‍ നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലായി. പമ്പ് ഹൗസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് കാരണം ഓണദിവസം പ്രദേശവാസികളുടെ കുടിവെള്ളവും മുടങ്ങി. വൈകിട്ടോടെ മുക്കത്ത് നിന്ന് ക്രെയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെയാണ് പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.