Connect with us

Editorial

നയതന്ത്ര വിജയം

Published

|

Last Updated

സിറിയന്‍ പ്രതിസന്ധി മറികടക്കാനായി ജനീവയില്‍ നടന്ന റഷ്യ- അമേരിക്ക ചര്‍ച്ച വിജയം വരിച്ചിരിക്കുകയാണ്. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മിലുള്ള മാരത്തോണ്‍ ചര്‍ച്ചയില്‍ സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചാണ് ഈ വന്‍ശക്തികള്‍ ധാരണയിലെത്തിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ആയുധങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള അവകാശം എത്രത്തോളമെന്ന ചോദ്യം മാറ്റി വെച്ചാല്‍ ആക്രമണോത്സുകതക്ക് മേല്‍ നയതന്ത്രം നേടിയ വിജയമെന്ന നിലയില്‍ ലോകത്തിനാകെ പ്രതീക്ഷയും ആശ്വാസവും പകരുന്ന മുന്നേറ്റമാണ് ഇത്. സിറിയക്കെതിരായ ആക്രമണ ഭീതി ഒഴിഞ്ഞു എന്നത് മാത്രമല്ല ഇതിന്റെ അന്തഃസത്ത. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് ലോകത്തിന്റെ ഏത് കോണിലേക്കും പടരാവുന്ന സംഘര്‍ഷത്തിന്റെ മാരകയായുധമാണ് നിര്‍വീര്യമാക്കപ്പെട്ടത്. അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം, ബദല്‍ ചേരി രൂപപ്പെടുന്നുവെന്ന പ്രതീക്ഷ, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിവര്‍ന്നു നിന്നുവെന്ന യാഥാര്‍ഥ്യം, അതിനവക്ക് ധൈര്യം ലഭിച്ചുവെന്ന വസ്തുത, ബ്രിട്ടീഷ് പാര്‍ലിമെന്റിന് ഇറാഖിന്റെ കാര്യത്തില്‍ സംഭവിച്ച ചരിത്രപരമായ വിഡ്ഢിത്തത്തിന് പ്രതിക്രിയ ചെയ്യാന്‍ ലഭിച്ച അവസരം, അറബ് രാജ്യങ്ങള്‍ ആത്മപരിശോധനക്ക് തയ്യാറാകണമെന്ന സന്ദേശം ഇങ്ങനെ പല തലങ്ങളുണ്ട് ജനീവാ ധാരണക്ക്.

സിറിയയെ രാസായുധമുക്തമാക്കാന്‍ ആറിന പദ്ധതിയാണ് ജോണ്‍ കെറി മുന്നോട്ട് വെച്ചത്. എത്ര തരം രാസായുധങ്ങളുണ്ട്? അളവെത്ര? ഇവ രണ്ടും “തൃപ്തികര”മായി സമ്മതിക്കാന്‍ സിറിയ തയ്യാറാകണം. അവ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ആദ്യ പടി അതാണ്. രാസായുധങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ തയ്യാറാകണം. അന്താരാഷ്ട്ര രാസായുധവിരുദ്ധ ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും അതനുസരിച്ചുള്ള കര്‍ശനമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുകയും വേണം. അതുവഴി രാസായുധങ്ങളുടെ ത്വരിതഗതിയിലുള്ള നശീകരണം അനുവദിക്കണം. രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനും സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും തയ്യാറാകണം. യു എന്‍ ചാര്‍ട്ടറിന്റെ ഏഴാം ഭാഗം അനുസരിച്ച് ഈ പ്രക്രിയകള്‍ക്കെല്ലാം യു എന്‍ മേല്‍നോട്ടം വഹിക്കും. ഇങ്ങനെ പോകുന്നു കെറിയുടെ നിഷ്‌കര്‍ഷകള്‍. ഇവയില്‍ മിക്ക ഇനങ്ങളിലും റഷ്യയുമായി ധാരണയിലെത്തിയിട്ടുണ്ട്. നാല്‍പ്പത്തഞ്ച് സ്ഥലങ്ങളിലായാണ് സിറിയ രാസായുധം ശേഖരിച്ചിരിക്കുന്നതെന്നാണ് യു എസ് പറയുന്നത്. ഇക്കാര്യത്തില്‍ റഷ്യക്ക് എതിരഭിപ്രായമുണ്ട്. സിറിയയുടെ പക്കല്‍ അമേരിക്ക പറയുന്ന പോലെ മാരകമായ അളവില്‍ രാസായുധം ഇല്ലെന്ന നിലപാടിലാണ് റഷ്യ. പക്ഷേ, ജനീവാ ചര്‍ച്ചയില്‍ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെടാതിരിക്കാന്‍ ഇരുപക്ഷവും പ്രത്യേകം ശ്രദ്ധിച്ചു. ബശര്‍ അല്‍ അസദും ഈ നയതന്ത്രത്തിലേക്ക് വന്നു. അദ്ദേഹത്തില്‍ നിന്ന് ഉറപ്പ് വാങ്ങിയാണ് റഷ്യ സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാപൂര്‍ണമായ നയതന്ത്രത്തിന് ഇറങ്ങിയത്.
ഈ നയതന്ത്ര വിജയം മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കിയെന്ന പരിമിതമായ തലത്തില്‍ ഒതുങ്ങി നിന്നേക്കാം. വിശാലമായി വളരുകയാണെങ്കില്‍ ഇത് ഏകപക്ഷീയമായ ഏത് ഇടപെടലുകളെയും ചെറുക്കാവുന്ന ഒരു ബദല്‍ ചേരി രൂപപ്പെടുന്നതിലേക്കുള്ള വാതില്‍ തുറന്നേക്കാം. പൊതുവെ ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ മാത്രം അമേരിക്കയെ വിമര്‍ശിക്കുന്നതിലേക്ക് ചുരുങ്ങാറുള്ള ചൈന ഇത്തവണ കൃത്യമായ നിലപാടെടുത്തു. ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും നയതന്ത്ര നീക്കത്തില്‍ അവരവരുടെ പങ്ക് നിര്‍വഹിച്ചു. ഇസ്‌റാഈലിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് സിറിയ ആയുധം സംഭരിച്ചതെന്ന് റഷ്യ തുറന്നു പറഞ്ഞു. ലിബിയയുടെ കാര്യത്തില്‍ എടുത്തതില്‍ നിന്ന് തികച്ചും വ്യത്യസ്തവും ആഴത്തിലുമുള്ളതാണ് സിറിയയില്‍ റഷ്യയുടെ നിലപാടെന്ന് ഇത് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വേദികളില്‍ റഷ്യ നേടിയെടുത്ത മാന്യതയും നേതൃപരമായ ഇടവും ഭാവിയിലേക്ക് വളര്‍ന്നാല്‍ അത് ഏകധ്രുവ ലോകത്തിന് അന്ത്യം കുറിച്ചേക്കും. അമേരിക്കയിലും ബ്രിട്ടനിലും അടക്കം പാശ്ചാത്യ ലോകത്താകെയുള്ള പൊതു സമൂഹം റഷ്യയുടെ നയത്തെ പിന്തുണക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.
ആക്രമണ ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ല. നയതന്ത്ര ശ്രമങ്ങള്‍ പൊളിഞ്ഞാല്‍ ആ നിമിഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട അദ്ദേഹം ജാള്യം മറക്കാന്‍ പറയുന്നതാകാം അത്. പക്ഷേ, ഇപ്പോള്‍ സാധ്യമായ സമാധാനം കാത്തു സൂക്ഷിക്കാന്‍ യു എന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രമല്ല മേഖലയില്‍ ശരിയായ സമാധാനം പുലരണമെങ്കില്‍ ഇസ്‌റാഈലിന്റെ ആയുധ ശേഷി കൂടി അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് മുമ്പാകെ പരിശോധിക്കപ്പെടണം. ഒരു പരിധിവരെ നിരായുധമാകുന്ന ബശര്‍ ഭരണകൂടത്തിനെതിരെ പരോക്ഷ യുദ്ധത്തിലേക്ക് നീങ്ങുകയെന്ന അമേരിക്കന്‍ തന്ത്രവും തടയേണ്ടതുണ്ട്. സിറിയയില്‍ ഭരണമാറ്റം വേണമെങ്കില്‍ അത് അവിടുത്തെ ജനത സമാധാനപരമായി തീരുമാനിക്കട്ടെ.

Latest