Connect with us

Kerala

റെയില്‍പാതാ പദ്ധതി സര്‍ക്കാര്‍ തള്ളി; ബെമലിന്റെ പ്രവര്‍ത്തനത്തിന് തിരിച്ചടി

Published

|

Last Updated

പാലക്കാട്: ബെമലിന്റെ പാലക്കാട് യൂനിറ്റിലേക്ക് റെയില്‍പാത നിര്‍മിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തള്ളി. റെയില്‍ പ്പാതയും റോഡും കണക്ടിവിറ്റിയും ലഭിക്കാത്തതിനാല്‍ യുദ്ധ ടാങ്ക് വാഹിനികളുടെയും ടെട്ര ട്രക്കുകളുടെയും നിര്‍മാണം ബെമല്‍ നിര്‍ത്തിയിരിക്കുകയാണ്. ചെലവ് കൂടുമെന്നതിനാലാണ് ഫാക്ടറിയിലേക്കുള്ള റെയില്‍പ്പാത നിര്‍മിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചത്.
റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്‌സ് സര്‍വീസ് എന്ന റൈറ്റ്‌സിനെയാണ് റെയില്‍ പാത നിര്‍മിക്കാനുള്ള പദ്ധതി പഠനത്തിന് പദ്ധതി ഏറ്റെടുത്ത കിന്‍ഫ്ര നിയോഗിച്ചത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് മേല്‍പ്പാലങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും അടക്കം 44 കോടി രൂപ ചെലവില്‍ പാത നിര്‍മിക്കുകയാണ് ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ ദിവസം റൈറ്റ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാത നിര്‍മിക്കാനുള്ള ചെലവ് 70 കോടി കടക്കുമെന്ന് സൂചിപ്പിച്ചതോടെ സര്‍ക്കാര്‍ പദ്ധതി തള്ളുകയായിരുന്നു.
ദേശീയ പാതക്ക് കുറുകെ രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കേണ്ടി വരുമെന്നതിനാലാണ് ചെലവ് ഇരട്ടിയായത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ കെട്ടിടം പൊളിക്കേണ്ടി വരുമെന്നതും ഇരട്ട പാത അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചതും പദ്ധതിക്ക് തിരിച്ചടിയായി, 55 കോടി രൂപ ചെലവില്‍ പദ്ധതി പുനര്‍നിര്‍ണയിക്കാന്‍ റൈറ്റ്‌സിനോട് കിന്‍ഫ്ര ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് സാധ്യമാകില്ലെന്നാണ് പറയുന്നത്. റെയില്‍ പാതയും റോഡ് കണക്ടിവിറ്റിയും ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ ബെമല്‍ പാലക്കാട് യൂനിറ്റിലെ ഉത്പാദന ശേഷി വീണ്ടും കുറക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ വകുപ്പ്.
2010 മെയ് 16ന് ഉദ്ഘാടനം ചെയ്ത ശേഷം ലക്ഷ്യമിട്ട ഉത്പാദന ശേഷിയുടെ 25 ശതമാനം പോലും കൈവരിക്കാന്‍ സാധിക്കാത്ത ബെമല്‍ പാലക്കാട് യൂനിറ്റിനെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ടെട്രാ ട്രാക്കുകള്‍ ഗൈഡ്‌സ് മിസൈലുകള്‍ വിക്ഷേപിക്കുന്ന ഗ്രൗണ്ട് സപ്പോര്‍ട്ട് വാഹനങ്ങള്‍, കവചിത യുദ്ധടാങ്കുകള്‍ കൊണ്ട് പോകാനുള്ള ട്രെയ്‌ലറുകള്‍ മെട്രോ ട്രെയിന്‍ കോച്ചുകള്‍ എന്നിവ നിര്‍മിക്കാനുള്ള മൂന്ന് ഹാംഗറുകള്‍ എന്നിവ ബെമല്‍ പാലക്കാട് യൂനിറ്റിലുണ്ടെങ്കിലും നാമമാത്രമായ ഉത്പാദനമാണ് ഇപ്പോള്‍ നടക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ടെട്ര ട്രക്കുകളുടെയും ട്രെയിലറുകളുടെയും നിര്‍മാണം മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
മെട്രോ കോച്ചുകളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ ഇവ കൊണ്ടു പോകാന്‍ റെയില്‍ പാത ഉപയോഗിക്കാമെന്ന ബെമലിന്റെ പദ്ധതിക്കും സര്‍ക്കാര്‍ തീരുമാനം വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Latest