മോഡി വിഷയത്തില്‍ അഡ്വാനിക്ക് പ്രതിഷേധിക്കാം: രാജ്‌നാഥ് സിംഗ്‌

Posted on: September 16, 2013 12:48 am | Last updated: September 16, 2013 at 12:48 am

rajnath singhന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രോഷകുലനാകാന്‍ എല്‍ കെ അഡ്വാനിക്ക് അവകാശമുണ്ടെന്ന് ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്. എന്നാല്‍ അത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലായിരിക്കരുതെന്ന് രാജ്‌നാഥ് പറഞ്ഞു. അഡ്വാനി തങ്ങളുടെ നേതാവും രക്ഷാകര്‍ത്താവുമാണ്. അദ്ദേഹത്തിന് രോഷാകുലനാകാനുള്ള അവകാശമുണ്ട്. പക്ഷേ അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാകരുതെന്നേ ഉള്ളൂ. അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? – രാജ്‌നാഥ് സിംഗ് ചോദിച്ചു.
അഡ്വാനിക്ക് മറുപടി നല്‍കാന്‍ തനിക്ക് സാധിക്കില്ല. രക്ഷാകര്‍ത്താവ് വീട്ടിലെ ആരെയെങ്കിലും ശകാരിച്ചാല്‍ അത് കുടുംബത്തിനകത്ത് സ്വരച്ചേര്‍ച്ചയില്ലെന്നതിന് തെളിവായി കണക്കാക്കുന്നത് അസംബന്ധമാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന് അഡ്വാനി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.