നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രംഗത്ത്

Posted on: September 16, 2013 12:22 am | Last updated: September 16, 2013 at 12:22 am

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നമ്പര്‍ പ്ലേറ്റില്ലാതെയും മദ്യപിച്ചും അമിത വേഗതയിലും ഓടിക്കുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിടികൂടുന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു. നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെയും ഫാന്‍സി നമ്പര്‍ ഉപയോഗിച്ചും നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതിനെതിരെ പോലീസ് നടപടി ശക്തിപ്പെടുത്തിയത്.
മദ്യപിച്ചും അമിതവേഗതയിലും ഓടിക്കുന്ന വാഹനങ്ങള്‍ മുഴുവനും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം ബൈക്കുകള്‍ അടക്കം അഞ്ചോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവണതകള്‍ ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയത്.