പൂക്കളില്‍ വിടരുന്ന ഓണം

    Posted on: September 15, 2013 10:01 pm | Last updated: September 15, 2013 at 11:49 pm

    onam thumbayESUDAS mARIANവീണ്ടും ഒരോണക്കാലം പൂവിളിത്തോരണവുമായി മനസ്സിന്റെ പടിവാതില്‍ക്കലെത്തി മുട്ടി വിളിക്കുകയാണ്. ഓരോ പ്രവാസിയുടെയും ഊശരമായ ആത്മപ്രതലത്തില്‍ പുതുമഴയുടെ കുളിര്‍മ പോലെ ഗൃഹാതുരത തുടികൊട്ടിയുണര്‍ത്തുകയാണ്. ഓണം മലയാളികള്‍ക്ക് കേവലമൊരുത്സവം മാത്രമല്ല. ഗതകാലസ്മരണകളുടെ എഴുന്നള്ളത്തു കൂടിയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഭാഗ്യസ്മൃതികളെ പെറുക്കിയെടുത്ത് വെടിപ്പാക്കി വീണ്ടും തെളിമയോടെ കത്തിച്ചു വെക്കാന്‍ ഉത്സാഹരിതരാകുന്നത്, നമ്മള്‍ മലയാളികള്‍.

    ചിങ്ങമാസത്തിലെ കാര്‍ഷിക സമൃദ്ധിയുടെ കൊയ്ത്തുത്സവമാണല്ലോ എക്കാലത്തും ഓണം. സംഘം ചേര്‍ന്നുള്ള വിളവെടുപ്പിന്റെയും പങ്കു വെക്കലിന്റെയും ഒന്നിച്ചാനന്ദിച്ചാറാടുന്നതിന്റെയും തെളിവാര്‍ന്ന ഓര്‍മകളുണരുന്ന കാലം. ഏതുത്സവത്തിന്റെയും പകിട്ട് വര്‍ധിപ്പിക്കുന്നത് വൈവിധ്യമാര്‍ന്ന ചിറച്ചാര്‍ത്തുകള്‍ ഒന്നു ചേര്‍ന്ന് പൊലിമയോടെ ഉണര്‍ന്നാടുമ്പോഴാണെന്നത് അവിതര്‍ക്കിതമാണ്. പ്രകൃതിയയും മനുഷ്യനും ഒരേ താളത്തിലുള്‍ചേരാന്‍ വെമ്പല്‍ കൊള്ളുന്ന വേളയാണ് ഓണ നാളുകള്‍.

    പൂക്കള്‍ക്ക് പ്രഥമസ്ഥാനമാണ് ഓണത്തിനുള്ളത്. അതുകൊണ്ടാണ് സമരണകളെ തെല്ലൊന്നുണര്‍ത്തുമ്പോള്‍ തന്നെ മനസ്സില്‍ വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെ ചേദോഹരമായ വര്‍ണ സഞ്ചയം പൂത്തു വിടരുന്നത്. പൂവിളിയും പൂക്കളവും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരോണത്തെക്കുറിച്ച് ചിന്തിക്കുന്നു തന്നെ എത്ര ദുഷ്‌കരമാണ്. പട്ടു വിരിപ്പില്‍ വിടര്‍ത്തിയിട്ട മുത്തു മണികളെപ്പോലെ പച്ചിലച്ചാര്‍ത്തുകള്‍ക്കു മേലെ മന്ദമസ്മിത പുളകിതരായി പൂത്തു വിടര്‍ന്ന് ചാഞ്ചാടുന്ന മലര്‍പന്തല്‍ കൊണ്ട് മലയാള മുറ്റത്ത് പൂക്കളമൊരുക്കിത്തരുകയാണ് പ്രകൃതി. ചെറുതും വലുതുമായി തിങ്ങി നിറഞ്ഞ വിഭിന്നങ്ങളായ ഒട്ടനവധി പുഷ്പവല്ലികള്‍ചേര്‍ന്നൊരുക്കിയ പൂക്കളം. സുഗന്ധവൈഭവവും വര്‍ണവൈചാത്യവും കൊണ്ട് വ്യത്യസ്തമായ പൂക്കളെ തെല്ലും കളങ്കമില്ലാതെ തെളിവാര്‍ന്ന ചിരിയൊളി വിതറിക്കൊണ്ട് നമ്മുടെ വീട്ടു മുറ്റത്തും നാട്ടുകവലകളും വെളിമ്പ്രദേശങ്ങളും തോട്ടു വരമ്പുമൊക്കെ നിറഞ്ഞു  പരന്നു കിടന്നിരുന്ന ഓണദിനങ്ങളുടെ പൂര്‍വകാലമുണ്ടായിരുന്നു.
    ഓണപ്പരീക്ഷയുടെ പിരിമുറുക്കത്തില്‍നിന്ന് രക്ഷനേടി അവധി ദിനങ്ങല്‍ വന്നെത്തിയതിലുള്ള സന്തോഷാധിക്യത്താല്‍ അതിരാവിലെ തന്നെ പൂവട്ടിയുമായി പൂ നുള്ളാനിറങ്ങുന്ന കുട്ടുക്കുസൃതികളുടെ ഉല്ലാസ കേളികള്‍ നാട്ടുമ്പുറങ്ങളിലെ പതിവു കാഴ്ചയായിരുന്നു. പൂമമണികളോരോന്നും എത്ര അരുമയോടെ നുള്ളിയെടുത്ത് പൂക്കുട്ടയിലാക്കി വീട്ടിലോക്കോടിയണയുന്ന ബാലികമാരുടെ കളിചിരികളാല്‍ മുഖരിതമായിരുന്നു ഓണനാളുകളിലെ പകല്‍മുറ്റങ്ങള്‍. അടുക്കളകളില്‍ മുതിര്‍ന്ന പെണ്ണുങ്ങള്‍ നാട്ടുസല്ലാപത്തിലമര്‍ന്ന് വിഭവസദ്യകളൊരുക്കുമ്പോള്‍ വീട്ടു മുറ്റത്തെ ചാണകം തളിച്ച നിലത്ത് അതീവശ്രദ്ധയോടെ പൂക്കളമൊരുക്കുന്ന ബാലികമാരുടെ ഉള്ളറകളിലേക്കൊഴുകിയിറങ്ങുന്ന ഓണാനുഭൂതികള്‍ എത്ര അവര്‍ണനീയം.

    വൈവിധ്യമാര്‍ന്ന പുഷ്പങ്ങളെയെല്ലാം ഒന്നിച്ചണി ചേര്‍ക്കുകയാണ് പൂക്കളമെന്ന സാക്ഷാത്കാരത്തിലൂടെ മലയാളത്തിന്റെ മഹത്തായ പാരമ്പര്യ ധാരയിലേക്ക്. വലിപ്പച്ചെറുപ്പവും നിറവ്യത്യാസവുമില്ലാതെയുള്ള ഈ അണിയിച്ചൊരുക്കല്‍ ഓണ സങ്കല്‍പത്തിന്റെ നിറച്ചാര്‍ത്താകുന്നത് അങ്ങനെയാണ്. മേല്‍കോയ്മയുടെ മത്സരമോ അയിത്ത ചിന്തകളോ കളങ്കപ്പെടുത്താതെയുള്ള പ്രാദേശികമായ പുഷ്പ സമ്മേളനമാണ് ഓണപ്പൂക്കളമെന്ന ആവിഷ്‌കാരത്തെ മഹത്വവത്കരിക്കുന്നതും. ഓണസങ്കല്‍പത്തിലെ ഒരുമയുടെ കാല്‍പനികഭാവം ഓരോ മലയാളിയുടെയും ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന രൂപചമത്കാരമാവുകയാണ് അത്തപ്പൂക്കളം.
    പ്രവാസികളും പൂക്കളങ്ങള്‍കൊണ്ടു തന്നെ ഓണമാഘോഷിക്കുന്നു. നാട്ടില്‍നിന്നും കൊണ്ടു വരുന്ന പൂക്കളാണ് ഇവിടെ കളങ്ങള്‍ തീര്‍ക്കുന്നത്. അതിനുവേണ്ടി എത്ര ചെലവിടുന്നതിനും വിമുഖഖ കാണിക്കാറില്ല പ്രവാസികള്‍. സ്വയമാര്‍ജിത ദ്രവ്യങ്ങളേക്കാളെത്രയോ ഏറെ ബൃഹത്തും അമൂല്യവുമാണ് തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന പൈതൃക സമ്പത്തെന്ന തിരിച്ചറിവാണിതിനു കാരണം. ചന്തകളില്‍നിന്നുള്ള പൂക്കളാണെങ്കില്‍ പൂക്കള്‍ എന്ന വൈകാരികത പ്രവാസികള്‍ സ്വീകരിച്ച് നടുമുറ്റങ്ങളില്‍ അഥവാ ഫഌറ്റുകളുടെയും വില്ലകളുടെയും വരാന്തകളില്‍ വിടര്‍ത്തി വരക്കുന്നു.

    രമണീയമായ ഭൂപ്രകൃതിയും കാലാവസ്ഥയും വിഭിന്നങ്ങളായ കാര്‍ഷികമേഖലകളും കൊണ്ട് സമ്പന്നമാക്കിയ കേരളം ഇന്ന് വെറും ഉപഭോഗ കേരളമായി മാറിയിരിക്കുന്നു. നമ്മുടെ സാമൂഹികാന്തരീക്ഷവും മനസ്സുമെല്ലാം എന്തിനെയും ഭോഗിക്കാനുള്ള നിലവാരത്തിലേക്കമര്‍ന്നു പോയിരിക്കുന്നു. മാനവീയതയുടെ വികാസമാണ് യഥാര്‍ഥ വികസനം. ഇന്റര്‍നെറ്റു വഴി സ്ഫടിക പാളികളില്‍ വിടര്‍ന്നു തെളിയുന്ന പൂക്കളുടെ ലോകം നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. കേട്ടറിവു മാത്രമുള്ള എത്രയെത്ര പൂക്കളാണ് അവിടെ പൂത്തു വിടരുന്നത്. നവമാധ്യമത്താളുകളിലൂടെ അവയെല്ലാം ലോകത്തെവിടെയും പരന്നു നിറയുകയാണ്. വിസ്മയകരമായ വര്‍ണക്കാഴ്ചകളാണത്.
    ഓരോ ഓണവും ഓര്‍മദിവസവം കൂടിയാണ്. നമ്മള്‍ തന്നെ നഷ്ടപ്പെടുത്തുന്ന ഫലഭൂയിഷ്ടമായ മണ്ണിനെയും പ്രകൃതിയെയും കുറിച്ചുള്ള തീക്ഷ്ണമായ ഓര്‍മപ്പെടുത്തല്‍. ഈ മുന്നറിയിപ്പ് തമസ്‌കരിക്കുന്നപക്ഷം നാം ചെന്നു പതിക്കാവുന്ന ദുരന്തത്തെക്കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് വന്നു പോകുന്ന ഓരോ ഓണവും. ആ തിരിച്ചറിവോടെ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രകൃതിയെ തൊടാം.  ഹൃദയസ്പര്‍ശത്തിലൂടെ നന്മിലേക്കൊഴുകിയെത്തുന്ന പൂത്തുലഞ്ഞ വസന്തവും കാര്‍ഷിക സമൃദ്ധിയുടെ നിറവും കൊണ്ട് ആയിരമായിരമോണനാളുകള്‍ ഇനിയും അവിരാമമാഘോഷിക്കാം.
    .