മുസാഫര്‍നഗര്‍ കലാപം: ഭവനരഹിതരായത് 43,000 പേര്‍

Posted on: September 14, 2013 6:13 am | Last updated: September 14, 2013 at 12:14 am

musafarമുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടമാടിയ സാമുദായിക കലാപത്തില്‍ 43,000ത്തിലേറെ പേര്‍ ഭവനരഹിതരായി. നാടിനെ നടുക്കിയ വ്യാപകമായ അക്രമം കാരണം വീടുവിട്ടോടിയ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ തിരിച്ചെത്തിതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പ്രാബല്യത്തിലിരുന്ന അനിശ്ചിതകാല കര്‍ഫ്യുവില്‍ ഇന്നലെ മുതല്‍ 12 മണിക്കൂര്‍ ഇളവനുവദിച്ചു. ഈ ആഴ്ച അവസാനം വരെ രാത്രികാല കര്‍ഫ്യു തുടരുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കലാപ കാലത്ത് സ്വന്തം വീടുകള്‍വിട്ട് ജീവനുംകൊണ്ടോടിയവരെ 38 ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് മുസാഫര്‍നഗറിലെ ഒരു ഗ്രാമത്തില്‍ യുവതിയെ ആക്രമിച്ച സംഭവത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ മാസം ഏഴ് മുതല്‍ കലാപം പെട്ടെന്ന് പടരുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 43 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്. 3.1 കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്.
ലൈസന്‍സില്ലാത്ത നിരവധി തോക്കുകളടക്കം ഒട്ടേറെ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് 70ലേറെ പേര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്, എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 10,000 ത്തിലേറെ പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. എ കെ 47 തോക്കുകളും അതിന്റെ തിരകളുമടക്കം ധാരാളം ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മുസാഫര്‍നഗറില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും കുറ്റപ്പെടുത്തി.