സിറിയ: യു എസിന് പുടിന്റെ മുന്നറിയിപ്പ്‌

Posted on: September 13, 2013 1:59 am | Last updated: September 13, 2013 at 1:59 am

Vladimir-Putin_4വാഷിംഗ്ടണ്‍: സിറിയയെ ആക്രമിക്കാനുള്ള അമേരിക്കന്‍ പദ്ധതിക്കെതിരെ വീണ്ടും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടല്‍ കലാപങ്ങള്‍ക്ക് വഴി വെക്കുകയും തീവ്രവാദത്തെ പുതിയ തലങ്ങളിലെത്തിക്കുകയും ചെയ്യുമെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. നടപടികളുടെ ഫലമായി ഐക്യരാഷ്ട്ര സഭയുടെ നീക്കങ്ങളില്‍ വീഴ്ച വരികയും സിറിയക്ക് പുറത്തുള്ള പാവങ്ങളായ ജനങ്ങള്‍ ഇരകളാകുകയും ചെയ്യും. സമാനമായ ഇടപെടലുകള്‍ ഇറാന്‍ ആണവ പ്രശ്‌നത്തിലും ഇസ്‌റാഈല്‍- ഫലസ്തീന്‍ വിഷയത്തിലും മധേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും പ്രശ്‌നങ്ങളിലും അമേരിക്ക നടത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമതുലിതാവസ്ഥയെ അട്ടിമറിക്കുന്നതുമാണെന്നും റഷ്യന്‍ പ്രസിഡന്റ് തുറന്നടിച്ചു. ന്യൂയോര്‍ക് ടൈംസിന്റെ വെബ്‌സൈറ്റില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പുടിന്റെ ലേഖനത്തിലാണ് അമേരിക്കന്‍ നടപടിയെ വിമര്‍ശിക്കുന്നത്.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ സൈനികമായി ഇടപെടുന്നത് അമേരിക്കയുടെ ശീലമാണ്. ഈ നടപടികള്‍ ജനാധിപത്യപരമല്ലെന്നും അത് ക്രൂരമാണെന്നും വിശ്വസിക്കുന്ന ആളുകള്‍ ലോകത്തുണ്ട്. യു എസിന്റെ ഇത്തരം നീക്കങ്ങള്‍ ദീര്‍ഘകാലത്തേക്ക് ലക്ഷ്യം വെച്ചുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്വം വിമത സേനക്കാണെന്നും ബശര്‍ അല്‍ അസദിനല്ലെന്നും പുടിന്‍ ലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. റഷ്യയും അമേരിക്കയുമടക്കമുള്ള അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുത്ത് സിറിയയിലെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് നേരത്തെ പുടിന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍വ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ലേഖനത്തിലും പറയുന്നു.
സിറിയന്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറുകയാണ്. സിറിയക്കെതിരായുള്ള നടപടിയൊഴിവാക്കുമ്പോള്‍ അന്താരാഷ്ട്രതലത്തിലുള്ള പരസ്പര വിശ്വാസവും ശക്തിയും വര്‍ധിക്കും. അത്തരം മുന്നേറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തര്‍ക്ക വിഷയങ്ങളായി നില്‍ക്കുന്ന മറ്റ് പ്രശ്‌നങ്ങളിലേക്ക് സഹവര്‍ത്തിത്വത്തിന്റെ പാത തുറക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ സൈനിക നടപടിക്ക് തുനിഞ്ഞ അമേരിക്കന്‍ നയത്തിനെതിരെ നിരവധി രാജ്യങ്ങളും പോപ്പടക്കമുള്ളയാളുകളും ശക്തമായ വിയോജിപ്പുമായി രംഗത്തുണ്ട്.