Connect with us

Kasargod

സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സരിതക്കും ബിജുവിനും സുഖ വിശ്രമം

Published

|

Last Updated

കാഞ്ഞങ്ങാട്: ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ കാറ്റാടി യന്ത്ര തട്ടിപ്പ് കേസില്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാനായി കാഞ്ഞങ്ങാട്ടെത്തിച്ച സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പാര്‍പ്പിച്ചത് വിവാദമായി.
ഇന്നലെ രാവിലെയാണ് സരിതയെയും ബിജുവിനെയും രഹസ്യമായി കാഞ്ഞങ്ങാട്ടെത്തിച്ചത്. എറണാകുളം ജയിലില്‍ നിന്നാണ് ആംഡ് റിസര്‍വ് ക്യാമ്പിലെ രണ്ട് എസ് ഐമാരും വനിതാ പോലീസുകാരുമടങ്ങുന്ന സംഘം ഇരുവരെയും കാഞ്ഞങ്ങാട്ടെത്തിച്ചത്. തലേ ദിവസം രാത്രി ഹൊസ്ദുര്‍ഗ് സബ്ജയിലില്‍ രണ്ട് പേര്‍ക്കും താമസ സൗകര്യമൊരുക്കാനാണ് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് പോലീസ് രണ്ട് പേരെയും ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഗസ്റ്റ്ഹൗസില്‍ പ്രഭാത ഭക്ഷണത്തിനും മറ്റും ശേഷം ഇരുവരും വിശ്രമിക്കുമ്പോള്‍ പോലീസ് കാവല്‍ നില്‍ക്കുകയായിരുന്നു. രണ്ട് മുറികളിലായാണ് ഇവരെ പാര്‍പ്പിച്ചത്. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയപ്പോള്‍ പോലീസ് തിടുക്കത്തില്‍ സരിതയെയും ബിജുവിനെയും വെവ്വേറെ വാഹനങ്ങളില്‍ കൊണ്ടുപോവുകയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഇവരുടെ റിമാന്‍ഡ് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി

Latest