പ്രതികളെ വെറുതെ വിടാന്‍ സാഹചര്യമൊരുക്കിയത് ആഭ്യന്തര വകുപ്പെന്ന്

Posted on: September 12, 2013 7:59 am | Last updated: September 12, 2013 at 7:59 am

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ കോടതി വെറുതെ വിടാന്‍ സാഹചര്യമൊരുക്കിയത് ആഭ്യന്തര വകുപ്പാണെന്ന വിമര്‍ശവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം. ആഭ്യന്തരവകുപ്പ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ഘടകകക്ഷികള്‍ക്കും പരാതിയുണ്ട്. കോടതി ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പ്രസ്താവനയുമായി രംഗത്തുവന്നു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അവസരം മുതലെടുത്ത് വിഷയം ആഭ്യന്തര വകുപ്പിനെതിരെയുള്ള ആയുധമാക്കുന്നത് ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്.സര്‍ക്കാറും സി പി എം നേതൃത്വവുമായി ഒത്തുതീര്‍പ്പുണ്ടായി എന്ന പ്രചാരണം ഏറെ ശക്തമായി നിലനില്‍ക്കുകയാണ്. ഈ സംശയങ്ങള്‍ ദൂരികരിക്കുന്നതിനായി കേസിന്റെ ഗൂഢാലോചന സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.