Connect with us

Articles

സിറിയ: സൈനിക ഇടപെടല്‍ എളുപ്പമല്ല

Published

|

Last Updated

സിറിയയുടെ കൈവശമുണ്ടെന്ന് കരുതുന്ന രാസായുധങ്ങള്‍ അന്താരാഷ്ട്ര നിരീക്ഷണത്തില്‍ സൂക്ഷിക്കാന്‍ സമ്മതിക്കുകയാണെങ്കില്‍ സിറിയക്കു നേരെ ആസൂത്രണം ചെയ്തിട്ടുള്ള സൈനിക ഇടപെടല്‍ നിര്‍ത്തിവെക്കാമെന്ന് ബറാക് ഒബാമ പ്രസ്താവിച്ചിരിക്കുന്നു. സൈനിക ഇടപെടലിന് അനുവാദം തേടി യു എസ് കോണ്‍ഗ്രസിനെ അമേരിക്കന്‍ പ്രസിഡന്റ് സമീപിച്ചിട്ടുള്ള സന്ദര്‍ഭമാണിത്. സിറിയ അതിന്റെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലേക്ക് മാറ്റുകയും തുടര്‍ന്നു നശിപ്പിക്കുകയും വേണമെന്ന പുതിയ നിര്‍ദേശം റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നു. പശ്ചിമേഷ്യയില്‍ കടന്നാക്രമണം നടത്താന്‍ ജനപിന്തുണ ആര്‍ജിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ പ്രസിഡന്റും സംഘവും ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അധിനിവേശത്തിന് ഇല്ലെന്നും പരിമിതമായ ഇടപെടലാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഒബാമ വ്യക്തമാക്കിയിരുന്നു. “”സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിച്ച” ബഷറുല്‍ അസദിന്റെ ഭരണകൂടത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യമാണെന്ന് തന്നെയാണ് അമേരിക്ക ഇപ്പോഴും കരുതുന്നത്. സൈനിക ആക്രമണം ഇല്ലാതെ തന്നെ രാസായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന് സിറിയ ഉറപ്പ് നല്‍കുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമായിരിക്കുമെന്ന് ഒബാമ പറയുന്നു. സൈനിക ഇടപെടല്‍ ഒഴിവാകുന്ന സാഹചര്യം സൃഷ്ടിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒബാമയുടെ ധിക്കാരപരമായ മനോഭാവത്തിന് ചെറിയ തോതിലെങ്കിലും മാറ്റം വരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. അമേരിക്കയിലെ അനേകം രാഷ്ട്രീയ നേതാക്കളുടെയും സെനറ്റിലെയും ജനപ്രതിനിധിസഭയിലേയും അംഗങ്ങളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പാണ് ഈ നിലപാടുമാറ്റത്തിന് പ്രധാന കാരണം. സിറിയയില്‍ സൈനികമായി ഇടപെടുന്നത് അനിശ്ചിതകാല യുദ്ധത്തിലേര്‍പ്പെടുന്നതിന് തുല്യമായിരിക്കുമെന്നവര്‍ പറയുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ 433 അംഗങ്ങളില്‍ 230 പേരും സിറിയന്‍ ആക്രമണത്തെ അനുകൂലിക്കുന്നവരല്ല. അമേരിക്കയോടൊപ്പം സിറിയയെ ആക്രമിക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ ബ്രിട്ടീഷ് പാര്‍ലിമെന്റും ഡേവിഡ് കാമറൂണിന് അനുമതി നിഷേധിച്ചതാണ്. സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് മുഅല്ലിമിനോട് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ്‌റോവ് ഈ പുതിയ നിര്‍ദേശം സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സിറിയയുടെ കൈവശമുള്ള രാസായുധങ്ങളെല്ലാം അന്താരാഷ്ട്ര നിയന്ത്രണത്തിന് വിട്ടുകൊടുക്കുകയും പിന്നീട് നശിപ്പിച്ചുകളയുകയും വേണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിട്ടുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്സും ബഷറുല്‍ അസദിനെ വിളിച്ച് ഈ പദ്ധതി സ്വീകരിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പുതിയ നിര്‍ദേശത്തെ സ്വാഗതം ചെയ്തതായി അറിയുന്നു.

രാസായുധങ്ങള്‍ ഉപേക്ഷിക്കാനുള്ള റഷ്യന്‍ നിര്‍ദേശം സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാനും പശ്ചിേമഷ്യയില്‍ സമാധാനം നിലനിര്‍ത്താനും സഹായകരമാണെന്ന് ചൈനയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സിറയയുടെ ഉത്തമ സുഹൃദ്‌രാജ്യമായ ഇറാനും റഷ്യയുടെ നിര്‍ദേശത്തെ അനുകൂലിച്ചിരിക്കുന്നു. രണ്ടര വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലഹത്തില്‍ അന്തര്‍ദേശീയ തലത്തില്‍ സിറിയയോടൊപ്പം ഉറച്ചുനിന്ന രാഷ്ട്രമാണ് റഷ്യ. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലും അന്തര്‍ദേശീയ തലത്തിലുള്ള എല്ലാ സമിതികളിലും സിറിയക്കു വേണ്ടി റഷ്യ വാദിച്ചുപോന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ പറഞ്ഞയച്ച വിദഗ്ധന്മാര്‍ സിറിയയില്‍ നടത്തിയ പരിശോധനക്കു ശേഷം സെക്രട്ടറി ജനറലിന് ഈയിടെയാണ് റിപ്പോാര്‍ട്ട് സമര്‍പ്പിച്ചത്.

അതേ സമയം, ഏതെങ്കിലും സാഹചര്യത്തില്‍ സിറിയക്കെതിരെ അമേരിക്കയും സഖ്യ കക്ഷികളും യുദ്ധം പ്രഖ്യാപിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ബഷറുല്‍ അസദ് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അമേരിക്ക അത്തരം ഒരിടപെടലിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അസദ് താക്കീത് നല്‍കുന്നു. അമേരിക്കന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത് സിറിയന്‍ സര്‍ക്കാര്‍ മാത്രമായിരിക്കില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ 1,429 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സിറിയന്‍ പ്രശ്‌നം അന്തരാഷ്ട്ര തലത്തില്‍ സംഘര്‍ഷാവസ്ഥയായി വളര്‍ന്നത്. അമേരിക്കയും ഇസ്‌റാഈലും പശ്ചിമേഷ്യയില്‍ അവരുടെ എതിര്‍പക്ഷത്തു നിലകൊള്ളുന്ന എല്ലാ രാജ്യങ്ങളേയും ശക്തികളേയും തകര്‍ക്കുന്നതിന് എന്നും കാത്തിരുന്നിട്ടുള്ളവരാണ്.

സിറിയന്‍ ജനതയിലെ മഹാഭൂരിപക്ഷവും സുന്നി മുസല്‍മാന്മാരാണ്.””അലവിയ്യ” വിഭാഗത്തില്‍പെട്ട ശിയാക്കളില്‍പെട്ടവരാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ബഷറുല്‍ അസദും സംഘവും. സിറിയയില്‍ അമേരിക്ക ഇടപെട്ട് നിലവിലുള്ള ഭരണം അട്ടിമറിക്കുന്ന പക്ഷം ഒന്നുകില്‍ സുന്നികളോ അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷപാതികളോ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഇറാന്‍ കരുതുന്നു. രണ്ടിനേയും ഇഷ്ടപ്പെടാത്ത ഇറാന്‍ ഭരണകൂടം അതിനാല്‍ അസദ് സര്‍ക്കാറിന് സര്‍വവിധ പിന്തുണയും നല്‍കിവരുന്നു. ചൈനയും റഷ്യയും ഹിസ്ബുല്ല വിഭാഗവും സിറിയന്‍ പക്ഷത്താണ്.

റഷ്യയുടെ പുതിയ നിര്‍ദേശം സിറിയക്ക് നടപ്പിലാക്കാന്‍ കഴിയുമോ എന്നത് കണ്ടറിയണം. യുദ്ധം ഒഴിവാക്കാന്‍ റഷ്യ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് വന്‍ പിന്തുണ ലോക രാഷ്ട്രങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഒന്നാമതായി അവര്‍ക്ക് രാസായുധമുണ്ടെങ്കില്‍ അത് സമ്മതിക്കേണ്ടിവരും. രണ്ടാമതായി അത് സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്ന സൈനിക കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിന് വിട്ടുകൊടുക്കേണ്ടിയും വരും. അത്തരം ഒരു നിലപാടിലേക്ക് സിറിയ വരാനുള്ള സാധ്യത കുറവാണ്.
ഐക്യരാഷ്ട്രസഭയുടെ ആയുധ പരിശോധകര്‍ 10 വര്‍ഷക്കാലം ഇറാഖില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നിട്ടുപോലും 2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. റഷ്യയുടെ നിര്‍ദേശം തന്നെ ഐക്യരാഷ്ട്ര സഭ സിറിയക്കുമുമ്പില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതുണ്ട്. ആഭ്യന്തര യുദ്ധം സജീവമായി നടക്കുന്ന ഈ വേളയില്‍ യു എന്‍ ഉദ്യോഗസ്ഥരെ ഇനിയും സിറിയയില്‍ കടത്താന്‍ സമ്മതിക്കുമോ എന്നറിഞ്ഞുകൂടാ. അമേരിക്കയുടെ തിരക്കിട്ട ആക്രമണനടപടികളുടെ വേഗം കുറക്കാന്‍ റഷ്യയുടെ പുതിയ നിര്‍ദേശം ഏതായാലും വഴി തെളിയിച്ചിട്ടുണ്ട്. യുദ്ധക്കൊതിയന്മാരായ ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റഷ്യയുടെ നിര്‍ദേശം, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രമാണെന്നും അത് സ്വീകരിക്കരുതെന്നും ഒബാമയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

1946ല്‍ ഫ്രഞ്ച് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ സിറിയയെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് ബഷറുല്‍ അസദിന്റെ ബാഅസ് (സോഷ്യലിസ്റ്റ്) പാര്‍ട്ടിയാണ്. എത്രയോ വര്‍ഷങ്ങളായി ഒരു തരം അടിയന്തരാവസ്ഥ അവിടെ നിലവിലുണ്ട്. അസദിന്റെ പിതാവ് ഹാഫിസ്സുല്‍ അസദ് അധികാരമേറ്റെടുത്തതു മുതല്‍ ഇന്നുവരെ ജനാധിപത്യപരമായ അവകാശങ്ങള്‍ ആര്‍ക്കും വക വെച്ചുകൊടുത്തിട്ടില്ല. അറബ് വസന്തത്തിന്റെ ഭാഗമായി 2011ല്‍ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പിനും വേണ്ടി ജനങ്ങള്‍ നടത്തിവരുന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് അസദ് ഭരണം ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ആ പരിശ്രമത്തിന്റെ വളര്‍ച്ചയും തുടര്‍ച്ചയുമായിട്ടാണ് രാസായുധപ്രയോഗം വരെ നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെയും പ്രക്ഷോഭകരുടെയും തലയില്‍ കെട്ടിവെക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി.
ഇപ്പോള്‍ രാസായുധങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അമേരിക്കയാണ് രാസായുധ പ്രയോഗം ഏറ്റവും തവണ നടത്തിയത്. വിയറ്റ്‌നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ച് എന്ന പേരുള്ള രാസ വിഷവാതകം വിയറ്റ്‌നാം ജനതയുടെ മേല്‍ പ്രയോഗിച്ചത് അമേരിക്കയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഹിരോഷിമയിലും നാഗസാക്കിയിലും നിരപരാധികളുടെ തലക്കുമേല്‍ ബോംബ് വര്‍ഷിച്ചതും അമേരിക്കയാണ്. ലോകത്ത് ഒരു രാഷ്ട്രവും ഇന്നുവരെ ചെയ്തിട്ടില്ലാത്തവിധം ക്രൂരമായ യുദ്ധങ്ങള്‍ വിവിധ രാജ്യങ്ങളില്‍ കടന്നുകയറി നടത്തിയ അമേരിക്ക ഇപ്പോള്‍ ഹരിശ്ചന്ദ്രന്റെ വേഷമണിയുന്നത് ആര്‍ക്കും പുച്ഛത്തോടുകൂടിയേ കാണാനാകുകയുള്ളൂ.
ബഷറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള ജനവിരുദ്ധ ഭരണം സിറിയയില്‍ അവസാനിക്കുക തന്നെ വേണം. പക്ഷേ, അത് അമേരിക്കയും സഖ്യകക്ഷികളും ഒരു യുദ്ധത്തിലൂടെ നേടിയെടുക്കേണ്ടതല്ല. രാസായുധ പ്രയോഗം കൊണ്ടും അസദിന്റെ പീഡനങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയ സിറിയക്കുമേല്‍ ബാഹ്യശക്തികള്‍ ഇടപെട്ട് വീണ്ടും ഒരു യുദ്ധത്തിന് കോപ്പ് കൂട്ടുന്നത് സിറിയന്‍ ജനതക്ക് താങ്ങാവുന്നതിലും അധികമാണ്. രാഷ്ട്രീയമായും നയതന്ത്രമാര്‍ഗങ്ങളിലൂടെയും സിറിയന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കുകയാണ് ആവശ്യമായിട്ടുള്ളത്.

ഇപ്പോള്‍ റഷ്യ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ആ നിര്‍ദേശം പൂര്‍ണമായും സിറിയ അംഗീകരിച്ചാല്‍ പോലും അമേരിക്കന്‍ ആക്രമണത്തിന് തടയിടാന്‍ മാത്രമേ കഴിയുകയുള്ളൂ. സിറിയന്‍ ജനതയും അസദ് ഭരണകൂടവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മറ്റൊരു ഫോര്‍മുല ആവശ്യമായി വരും. ആഭ്യന്തര കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യയുടെ ഈ പുതിയ നിര്‍ദേശത്തിനും കഴിയുകയില്ല. ബഷറുല്‍ അസദ് സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന റഷ്യ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളോടുകൂടി എതിര്‍ത്തുനില്‍ക്കാനുള്ള കെല്‍പ്പ് സിറിയന്‍ കലാപകാരികള്‍ക്കുണ്ടാകുമോ എന്നറിഞ്ഞുകൂടാ. സിറിയ ആര് ഭരിക്കണമെന്ന് ആ നാട്ടിലെ ജനങ്ങള്‍ തീരുമനിക്കുകയാണ് വേണ്ടത്. അതിനുള്ള സ്വാതന്ത്ര്യവും സൗകര്യവും സിറിയന്‍ ജനതക്ക് നല്‍കിക്കൊണ്ട് ബാഹ്യ ശക്തികള്‍ ഇടപെടാതിരിക്കലാണ് ബുദ്ധി.

അതേ സമയം ജനതയും ഭരണകൂടവും തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിഷ്പക്ഷ നിലപാടുള്ള രാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും മുന്നോട്ടുവരുന്നത് നല്ലതാണ്. ഐക്യരാഷ്ട്രസഭ സ്വതന്ത്രമോ നിഷ്പക്ഷമോ ആണെന്നും വന്‍കിട രാഷ്ട്രങ്ങളുടെ താത്പര്യങ്ങളെ മറികടന്നുകൊണ്ട് ഒരു തീരുമാനം എടുക്കാനോ നടപ്പിലാക്കാനോ അതിന് കഴിയുമെന്നും കരുതുന്നത് മൗഢ്യമാണ്.

 

Latest