സിറിയന്‍ സൈന്യം ആക്രമണം അവസാനിപ്പിക്കണം: ജി സി സി

Posted on: September 11, 2013 10:48 pm | Last updated: September 11, 2013 at 10:48 pm

മനാമ: പ്രക്ഷോഭകര്‍ക്കെതിരെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ജി സി സി. അന്താരാഷ്ട്ര തലത്തില്‍ നിരോധനമേര്‍പ്പെടുത്തിയ രാസായുധം ഉപയോഗിച്ച് സിറിയന്‍ സൈന്യം നടത്തിയ ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും ആക്രമണം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയടക്കമുള്ള ശ്രമങ്ങള്‍ക്ക് സന്നദ്ധമാകാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജി സി സിയുടെ വക്താവും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് വ്യക്തമാക്കി.
കഴിഞ്ഞ മാസം സിറിയന്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തിനെതിരെ അന്താരാഷട്ര സമൂഹം ശക്തമായി രംഗത്തെത്തണമെന്നും ജി സി സി വക്താക്കള്‍ ആവശ്യപ്പെട്ടു. രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ജി സി സി മേധാവികള്‍ വിലയിരുത്തി.
അതേസമയം, ഈജിപ്തിലെ ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ അംഗീകരിക്കാനാകില്ലെന്നും ഈജിപ്ഷ്യന്‍ സൈന്യത്തിനും ജനങ്ങള്‍ക്കുമൊപ്പമാണ് ഈ വിഷയത്തില്‍ ജി സി സിക്ക് ഉള്ളതെന്നും ഖാലിദ് ബിന്‍ അഹ്മദ് വ്യക്തമാക്കി. ഇറാന്റെ ആണവോര്‍ജപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഫലസ്തീന്‍ – ഇസ്‌റാഈല്‍ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.