35 വിദ്യാര്‍ഥികളെ പോലീസ് പിടികൂടി; രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി

Posted on: September 11, 2013 1:21 am | Last updated: September 11, 2013 at 1:21 am
SHARE

വണ്ടൂര്‍: സ്‌കൂളില്‍ ചെത്തിനടക്കാന്‍ ബൈക്കുമായി വന്ന വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കളെ പോലീസ് ബോധവത്കരണ ക്ലാസ് നടത്തി തിരിച്ചയച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെ വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലാണ് 35 ഓളം വിദ്യാര്‍ഥികളെ പോലീസ് പിടികൂടുകയും അവരുടെ രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കി തിരിച്ചയക്കുകയും ചെയ്തത്.
വണ്ടൂര്‍ വി എം സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഓട്ടണ്‍ പബ്ലിക് സ്‌കൂള്‍, യൂനിറ്റി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്ക് ബൈക്കുമായെത്തിയ 35 വിദ്യാര്‍ഥികളെയാണ് വണ്ടൂര്‍ സിഐ മൂസ വള്ളിക്കാടന്‍, എസ് ഐ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പിടികൂടിയ ബൈക്കുകള്‍ വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പോലീസ് ട്രാഫിക് നിയമ ബോധവത്കണ ക്ലാസ് നടത്തി.വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷം മതിയായ രേഖകളില്ലാതെ വാഹനമോടിച്ചവര്‍ക്ക് താക്കീത് ചെയ്താണ് തിരിച്ചയച്ചത്. പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു