തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി കാര്‍ഷിക സാങ്കേതിക വിദഗ്ധസംഘം ഒരുങ്ങുന്നു

Posted on: September 11, 2013 12:35 am | Last updated: September 11, 2013 at 12:35 am

തളിപ്പറമ്പ്: ചെറുതാഴം കാര്‍ഷിക മേഖലയിലെ രൂക്ഷമായ തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക സാങ്കേതിക വിദഗ്ധസംഘം ഒരുങ്ങുന്നു. കാര്‍ഷിക യന്ത്ര പരിശീലനം നേടിയ 50 പേര്‍ അടങ്ങുന്ന സംഘമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയാറാകുന്നത്. സ്ത്രീ പുരുഷന്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ കര്‍ഷക തൊഴിലാളികളാണ് കൂടുതലും. അപേക്ഷ ക്ഷണിച്ചാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ഇവരുടെ സൊസൈറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്താനാണ് തീരുമാനം.
ചെറുതാഴം കൃഷിഭവന് സമീപമായി കെട്ടിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളെ ആവശ്യമുള്ളവര്‍ പണം സൊസൈറ്റിയില്‍ അടക്കണം. തൊഴിലാളികള്‍ക്ക് സൊസൈറ്റി മാസശമ്പളം നല്‍കും. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. ഒരാള്‍ക്ക് 25000 രൂപ വരെ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി എം വേണുഗോപാല്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രതേ്യകം യൂണിഫോമും നല്‍കും. മറ്റ് പഞ്ചായത്തുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുതാഴത്ത് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമായുണ്ട്. അവ ഉപയോഗിച്ചാണ് പാടശേഖരസമിതികള്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. അഗ്രികള്‍ച്ചര്‍ ടെക്‌നീഷ്യന്‍സിന് പരിശീലനം നല്‍കി യന്ത്രം തൊഴില്‍ ഉപയോഗത്തിന് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കൊയ്ത്ത് യന്ത്രം, ട്രാക്ടര്‍, മെതിയന്ത്രം, ടില്ലര്‍, അടിയന്ത്രം, തെങ്ങുകയറ്റ യന്ത്രം തുടങ്ങിയ ഉപകരണങ്ങളാണ് പഞ്ചായത്തിന്റെ കൈവശമുളളത്. മലബാര്‍ ഫാര്‍മേഴ്‌സ് കൈപ്പാട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് യന്ത്രം ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുന്നത്.
പച്ചക്കറി കൃഷി, ഇടവിള കൃഷി എന്നിവയിലും അഗ്രികള്‍ച്ചര്‍ ടെക്‌നീഷ്യന്‍സിന് പരിശീലനം നല്‍കും. അങ്ങനെ പഞ്ചായത്തിലെ ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമം. ഈ മാസത്തോടെ പരിശീലനത്തിന്റെ ഉദ്ഘാടനം നടക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഇതിനകം നിരവധി നേട്ടങ്ങള്‍ ചെറുതാഴം പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്. കൈപ്പാട് കൃഷിയിലും തരിശിട്ട പാടങ്ങള്‍ കൃഷിയോഗ്യമാക്കി നൂറുമേനി വിളവു നേടിയതിലും പഞ്ചായത്ത് മുന്നിലാണ്. ഏറ്റവുമൊടുവില്‍ 40 വര്‍ഷമായി തരിശിട്ട അറത്തില്‍ പാടശേഖരത്തിലെ കോട്ടവയലില്‍ കര്‍ഷക കൂട്ടായ്മയില്‍ വിത്തിറക്കി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് പഞ്ചായത്ത്. വെള്ളക്കെട്ടു മൂലം കൃഷിയിറക്കാന്‍ പറ്റാതായി ഉപേക്ഷിക്കപ്പെട്ട ഇവിടെ അനുകൂല കാലാവസ്ഥ ഉപയോഗപ്പെടുത്തി തരിശു രഹിത കൃഷി ഭൂമി പദ്ധതി പ്രകാരം വിതയിറക്കുകയായിരുന്നു.