Connect with us

Kottayam

ജയാനന്ദന്‍ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ഇരിങ്ങാലക്കുട: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ റിപ്പര്‍ ജയാനന്ദനെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. ജയാനന്ദനെ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പുതുക്കാട് സി ഐ. എന്‍ മുരളി ആവശ്യപ്പെട്ടിരുന്നു.
ജയില്‍ ചാടിയ ശേഷം നിരവധി മോഷണങ്ങള്‍ ജയാനന്ദന്‍ നടത്തിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കല്ലേറ്റുംകരയില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളുടെതാണ്. കൂടാതെ ജയില്‍ ചാടിയ ജയാനന്ദന്‍ കൊടുങ്ങല്ലൂരില്‍ നിന്ന് മൂന്ന് സൈക്കിളുകളും മോഷ്ടിച്ചിരുന്നു.
വന്‍ പോലീസ് സന്നാഹത്തോടെയാണ് ജയാനന്ദനെ കോടതിയില്‍ എത്തിച്ചത്. കൊടുങ്ങല്ലൂരില്‍ നിന്ന് മോഷ്ടിച്ച സൈക്കിള്‍ ചാലക്കുടി പോട്ടയിലും, കല്ലേറ്റും കരയില്‍ നിന്നും മോഷ്ടിച്ച സൈക്കിള്‍ പേരാമ്പ്രയിലും ഉപേക്ഷിച്ചതായി ജയാനന്ദന്‍ സമ്മതിച്ചു. തൃശൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കരുപ്പടന്ന, പുല്ലൂറ്റ്, കൊടകര, വള്ളിവെട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയതായി ഇയാള്‍ പറഞ്ഞു. ജയില്‍ ചാടിയ ശേഷം നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. തൃശൂരില്‍ സി പി എം നടത്തിയ രാപ്പകല്‍ സമരത്തിലും ആമ്പല്ലൂരിലെ ടോള്‍ പ്ലാസ സമരത്തിലും ജയാനന്ദന്‍ പങ്കെടുത്തിരുന്നു. ഇരിങ്ങാലക്കുട കോടതിയില്‍ ജയാനന്ദന്‍ എത്തുമെന്നറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തങ്ങിയിരുന്നത്.