റാസല്‍ഖൈമയില്‍ 2,453 കടകള്‍ക്ക് പിഴ ചുമത്തി

Posted on: September 10, 2013 6:19 pm | Last updated: September 10, 2013 at 7:20 pm

റാസല്‍ഖൈമ: 2,453 കടകള്‍ക്ക് പിഴ ചുമത്തിയതായി റാസല്‍ഖൈമ സാമ്പത്തിക വികസന മന്ത്രാലയം വ്യക്തമാക്കി. എമിറേറ്റില്‍ 2013ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്ക് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തിയതെന്ന്് മാന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ അഹമ്മദ് അലി അല്‍ ബെലൂശി വ്യക്തമാക്കി.
2012നെ അപേക്ഷിച്ച് പിഴ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇതാണ് സ്വാഭാവികമായും നിയമലംഘനങ്ങളിലും വര്‍ധനവ് സംഭവിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. വ്യവസായവാണിജ്യ സ്ഥാപനങ്ങളും ഇവയില്‍ ഉള്‍പ്പെടും. നിരന്തരമായ പരിശോധനകളും ബോധവത്ക്കരണവും നിമിത്തം മന്ത്രാലയത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 7,854 കടകളാണ് നിയമം കര്‍ശനമായി പാലിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 5,585 ആയിരുന്നു. കാലാവധി അവസാനിച്ചിട്ടും ലൈസന്‍സ് പുതുക്കാതെ ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരായി ഭീമമായ തുക പിഴ ചുമത്തുമെന്ന് അഹമ്മദ് അലി മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തില്‍ 150 പരാതികളാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്.

ഇവയില്‍ 97 ശതമാനത്തിനും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. 25 ഉദ്യോഗസ്ഥരാണ് എമിറേറ്റില്‍ 24 മണിക്കൂറും പരിശോധക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.