ഒരു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ പേരില്‍ മണ്ണ് കടത്തല്‍

Posted on: September 10, 2013 11:00 am | Last updated: September 10, 2013 at 11:00 am

എടപ്പാള്‍: ഒരു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ മറവില്‍ മണ്ണ് മാഫിയയുടെ മണ്ണ്കടത്തല്‍. എടപ്പാളിലെ മണ്ണ് മാഫിയ തലവന്റെ നേതൃത്വത്തിലാണ് പൊന്നാനി ടൗണിലെ ഒരു റോഡിന്റെ പേരില്‍ നൂറുകണക്കിന് ലോഡ് മണ്ണ് പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി മേഖലയില്‍ നിന്നും എടപ്പാള്‍, പൊന്നാനി മേഖലകളിലേക്ക് ഒഴുകുന്നത്. പടിഞ്ഞാറങ്ങാടിക്കടുത്ത ഒതളൂര്‍ അരീക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും പൊന്നാനിയിലെ റോഡ് നിര്‍മാണത്തിന് 75 ലോഡ് മണ്ണെടുക്കാനാണ് പാലക്കാട് മൈനിംഗ് ജിയോളജി ഓഫീസില്‍ നിന്നും അനുമതി നല്‍കിയിരിക്കുന്നത്.
ഈ അനുമതിയുടെ മറവില്‍ പടിഞ്ഞാറങ്ങാടി മേഖലയിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി അഞ്ച് എസ്‌കവേറ്ററുകളും 25ല്‍പരം ടിപ്പര്‍ ലോറികളും ഉപയോഗിച്ചാണ് മണ്ണ് കടത്തല്‍ നടക്കുന്നത്. കൊണ്ടുവരുന്ന മണ്ണ് എടപ്പാള്‍, പൊന്നാനി മേഖലയിലെ വയലുകളില്‍ നിര്‍മിച്ച വീടുകളുടെ തറകള്‍ നികത്തുന്നതിനും വയലുകളിലൂടെ വാഹനം കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ്. വിഷയം ശ്രദ്ധയില്‍പെട്ട പരിസ്ഥിതി സംരക്ഷണസേന പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലാകലക്ടര്‍ക്ക് മണ്ണ് കടത്ത് സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്.