എരിതീയില്‍ എണ്ണയൊഴിക്കാന്‍ വീഡിയോകള്‍

Posted on: September 10, 2013 12:01 am | Last updated: September 10, 2013 at 12:11 am

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വ്യാപകമാകുന്നത് കലാപങ്ങള്‍ പടരുന്നതിന് ഇടയാക്കുന്നു. നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, പരാമര്‍ശങ്ങള്‍ തുടങ്ങിയവ വിദ്വേഷം പരത്തുന്നതിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുസാഫര്‍ നഗറിലെ സംഘര്‍ഷത്തിലും ഇത് ആവര്‍ത്തിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെന്ന് വേഷം കൊണ്ട് വ്യക്തമാകുന്ന ചിലര്‍ രണ്ട് കുട്ടികളെ ആക്രമിക്കുന്ന ദൃശ്യമാണ് യു പിയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ഇന്ത്യയില്‍ നടന്നതല്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഗൂഢോദ്ദേശ്യത്തോടെ എഡിറ്റ് ചെയ്ത വീഡിയോകളും വന്‍ തോതില്‍ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.
ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ ജനങ്ങളെ ഇളക്കി വിടാന്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെ ബി പാന്ത് സാമൂഹിക ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ബദ്രി നാരായണന്‍ പറഞ്ഞു. നേരത്തേ നുണകളും അഭ്യൂഹങ്ങളും വാമൊഴിയായാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇന്റര്‍നെറ്റ് സംവിധാനം വ്യാപകമായതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവ ഈ ദൗത്യം നിര്‍വഹിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്തരം വീഡിയോകളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ ശിക്ഷാ നിയമം 420(വ്യാജരേഖ ചമക്കല്‍), 153 എ(മതസ്പര്‍ധ വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ചില വീഡിയോകള്‍ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. ഐ ടി ആക്ട് 66ാം വകുപ്പ് പ്രകാരവും നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.