മദ്‌റസാ നവീകരണത്തിനുള്ള 35 കോടി രൂപ വിതരണം ചെയ്തു

Posted on: September 10, 2013 6:00 am | Last updated: September 9, 2013 at 11:44 pm

മലപ്പുറം: സംസ്ഥാനത്തെ മദ്‌റസകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പഠന നവീകരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 35.55 കോടി രൂപയുടെ ധനസഹായം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു.

1462 മദ്‌റസകള്‍ക്കാണ് തുക ലഭിച്ചത്. പദ്ധതി പ്രകാരം 2012 -13 ല്‍ സംസ്ഥാനത്തിന് 70.97 കോടി രൂപയാണ് ലഭിക്കുക. ഇതിലെ ആദ്യ ഗഡുവാണ് വിതരണം ചെയ്തത്. തുക വിനിയോഗിച്ചതിന്റെ കണക്കുകള്‍ സമയബന്ധിതമായി മുഴുവന്‍ മദ്‌റസകളും സമര്‍പ്പിക്കുന്നതോടെ രണ്ടാം ഗഡുവും ലഭിക്കും. മത വിദ്യാഭ്യാസത്തോടൊപ്പം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. സയന്‍സ് കിറ്റ്, ലാബ്, എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും.
ധനസഹായം ലഭിച്ച മദ്‌റസകളില്‍ പകുതിയും മലപ്പുറത്താണ്. മദ്‌റസാ അധ്യാപകരില്‍ 1865 ഡിഗ്രിക്കാരും 2393 പിജിക്കാരുമാണുള്ളത്. ഇവര്‍ക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പ് വരുത്തും. കഴിഞ്ഞവര്‍ഷം 547 മദ്‌റസകള്‍ക്കായി 22 കോടി രൂപയാണ് ലഭിച്ചത്. മദ്‌റസകള്‍ക്ക് ലഭിക്കുന്ന ധനസഹായം സമയബന്ധിതമായി ചെലവഴിച്ച് റിപ്പോട്ട് സമര്‍പ്പിക്കുന്നതില്‍ മദ്‌റസാ മാനേജുമെന്റ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം മദ്‌റസകളും റിപ്പോട്ട് സമര്‍പ്പിക്കാത്തതിനാല്‍ രണ്ടാം ഗഡു നഷ്ടമായി.
ഇത്തവണ തുക സമയബന്ധിതമായി ചെലവഴിച്ച് റിപ്പോട്ട് നല്‍കണം. രാജ്യത്ത് ആകെ ലഭിക്കുന്ന തുകയുടെ പകുതിയോളം ലഭിക്കുന്നത് സംസ്ഥാനത്താണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന മദ്‌റസകള്‍ പദ്ധതിയില്‍ മുന്നോട്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി ഉബൈദുല്ല എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സലീം കുരുവമ്പലം, കെ കെ കൊച്ചുമുഹമ്മദ്, കെ സി ഗോപി പങ്കെടുത്തു.