ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറി സേവനം ഇനിയും അവകാശമായില്ല

Posted on: September 10, 2013 6:00 am | Last updated: September 9, 2013 at 11:27 pm

കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട നിരവധി ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2012ല്‍ കൊണ്ടുവന്ന സേവന അവകാശ നിയമം ഭൂരിഭാഗം ഓഫീസുകളിലും ഇനിയും നടപ്പായില്ല. സേവന അവകാശ നിയമപ്രകാരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല ആവശ്യങ്ങള്‍ക്കും ഒരു ദിവസം കൊണ്ട് പരിഹാരം ലഭിക്കുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍ മൂലം ഇത് അട്ടിമറിക്കപ്പെടുന്നതായാണ് ആരോപണം.

സേവനാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ചുമരില്‍ എഴുതി വെക്കണമെന്ന് കാണിച്ച് 2012 നവംബര്‍ 17ന് ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു. സംസ്ഥാനത്തെ 65 താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിംഗ് ഓഫീസുകളിലും റവന്യൂ ഓഫീസുകളിള്‍ക്ക് മുമ്പിലും ബോര്‍ഡ് സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ജനങ്ങള്‍ക്ക് കാണാനാകുന്ന രീതിയില്‍ ചുമരില്‍ സേവനങ്ങള്‍, സമയപരിധി, നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന്‍, നടപ്പിലാക്കിയില്ലെങ്കില്‍ അപ്പീല്‍ കൊടുക്കേണ്ടയാള്‍ എന്നിവയാണ് എഴുതി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് മാസം കഴിഞ്ഞിട്ടും ഭൂരിഭാഗം ഓഫീസുകള്‍ക്ക് മുമ്പിലും ജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
ചില താലൂക്ക് ഓഫീസുകളില്‍ ആദ്യ ഘട്ടത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും പീന്നിട് എടുത്തുമാറ്റി. നിയമത്തില്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ നിന്ന് സേവനം ലഭിക്കാത്തതിനാല്‍ ഇവിടങ്ങളിളെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രഹസ്യമായി ബോര്‍ഡ് എടുത്തുമാറ്റുകയായിരുന്നു. ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ ഇത് നടപ്പിലാക്കിയെന്ന വ്യാജ റിപ്പോര്‍ട്ടാണ് സംസ്ഥാനത്തെ പല ജില്ലാ സപ്ലൈ ഓഫീസര്‍മാരും തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനങ്ങളിലേക്ക് നല്‍കിയത്. ബോര്‍ഡ് എഴുതി വെച്ചുവെന്നതിന്റെ രേഖ ഉണ്ടാകുമെന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്ന് പണം വങ്ങിയതായും ആരോപണമുണ്ട്.
സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത് നടപ്പിലാക്കിയാല്‍ ജനങ്ങള്‍ ഈ നിയമത്തെക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് തങ്ങള്‍ക്ക് ബാധ്യതയാകുമെന്നും തിരിച്ചറിഞ്ഞാണ് നിയമം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. നിയമം നടപ്പാക്കിയപ്പോള്‍ തന്നെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥ സംഘടനകള്‍ വ്യാപക എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പിന്നീട് തന്ത്രപരമായി ഇവര്‍ നിയമത്തെ അട്ടിമറിക്കുകയായിരുന്നെന്നാണ് ആരോപണം. റവന്യൂ വകുപ്പിലെയും താലൂക്ക് സപ്ലൈ ഓഫീസിലെയും ജില്ല സപ്ലൈ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥരും സിറ്റി റേഷനിംഗ് ഓഫീസര്‍മാരുമാണ് നിയമം അട്ടമറിക്കാന്‍ പ്രധാനമായും ശ്രമിച്ചതെന്നാണ് ആരോപണം.
സപ്ലൈ ഓഫീസിന് കീഴില്‍ വരുന്ന 12 സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസത്തിനകം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് സേവനവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്. ഇത് സമയപരിധിക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ, താത്കാലിക കാര്‍ഡിനുളള അപേക്ഷ, പുതിയ അംഗത്തെ ഉള്‍പ്പെടുത്തല്‍, സറണ്ടര്‍, റിഡക്ഷന്‍, പേര് തിരുത്തല്‍, വയസ്സ് തിരുത്തല്‍, വരുമാനം തിരുത്തല്‍, വൈദ്യുതികരണം സംബന്ധിച്ച തിരുത്തല്‍ തുടങ്ങിയ 12 സര്‍ട്ടഫിക്കറ്റുകളാണ് ഒറ്റ ദിവസംകൊണ്ട് നല്‍കേണ്ടത്. ഇവ കൂടാതെ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതിയെന്നും വീട്ടുനമ്പര്‍ ഇല്ലാത്ത പുറമ്പോക്ക് റേഷന്‍ കാര്‍ഡ് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് രണ്ടും അന്വേഷിക്കണമെന്നതിനാലാണ് മേലാധികാരികള്‍ക്ക് സമയപരിധി നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ദിവസം നല്‍കേണ്ടത് താലൂക്ക് സപ്ലൈ ഓഫീസറും സിറ്റി റേഷനിംഗ് ഓഫീസറുമാണ്. ഒരു ദിവസത്തിനുളളില്‍ തന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ക്കോ അപ്പീല്‍ നല്‍കണമെന്നാണ് സര്‍ക്കുലറിലുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥ ഇടപെടല്‍ മൂലം നഷ്ടപ്പെടുകയാണ്.
സെക്രട്ടേറിയറ്റിലേ ഒരു വിംഗ് എല്ലാ ഓഫീസിലും കയറി സേവന അവകാശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തില്‍ പരിശോധന ഒരു സപ്ലൈ ഓഫീസുകളിലും നടന്നിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളോട് പ്രതികരിക്കാന്‍ പോലും പല ഉദ്യോഗസ്ഥന്‍മാരും തയ്യാറാകുന്നില്ല.