Connect with us

International

ജനങ്ങളുടെ പിന്തുണ തേടി ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയക്കെതിരെ ആഹ്വാനം ചെയ്ത സൈനിക നടപടിക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ട യു എസ് പ്രസിഡന്റ് ബരാക് ഒബാമ ജനങ്ങളുടെ പിന്തുണക്കായി പരക്കം പായുന്നു. സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, അടിയന്തരമായ നിരവധി അഭിമുഖങ്ങള്‍ക്ക് ഒബാമ തയ്യാറെടുക്കുന്നതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ സൈന്യം നടത്തിയെന്ന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ആരോപിക്കുന്ന രാസായുധ ആക്രമണത്തിന്റെ ഭീതി ഉയര്‍ത്തിക്കാട്ടി സിറിയന്‍ ആക്രമണത്തിന് പിന്തുണ തേടുകയാണ് ഒബാമയുടെ ലക്ഷ്യം. രാസായുധ ആക്രമണവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അമേരിക്കയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും വസ്തുതക്ക് നിരക്കാത്തതുമാണെന്നും വ്യക്തമാക്കി സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് അമേരിക്കന്‍ ചാനലിന് അഭിമുഖം നല്‍കിയ സാഹചര്യത്തിലാണ് ഒബാമയുടെ പുതിയ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ ആക്രമണത്തെ ശക്തമായി എതിര്‍ത്ത് ബശര്‍ അല്‍ അസദ് അടുത്തിടെ നിരവധി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് ഒബാമ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിനകം ആറ് ഇന്റര്‍വ്യൂകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. എല്ലാ ഇന്റര്‍വ്യൂകളും സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ടുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയുടെ രാസായുധ ആക്രമണം അമേരിക്കന്‍ ജനതക്ക് വെല്ലുവിളിയാണെന്ന് വ്യാഖ്യാനിച്ചാണ് യു എസ് ഭരണകൂടം സിറിയക്കെതിരെ പ്രചാരം നടത്തുന്നത്. സിറിയയുടെ രാസായുധ ആക്രമണം അമേരിക്കക്കെതിരെ നടക്കുമെന്ന് ഒബാമ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest