മഞ്ഞുപാളികള്‍ക്കിടയില്‍ മൂന്ന് മാസം; 58കാരനെ രക്ഷിച്ചു

Posted on: September 9, 2013 11:18 pm | Last updated: September 9, 2013 at 11:18 pm

article-0-1BB3A592000005DC-288_634x532ബ്യൂണസ് അയറിസ്: കഴിഞ്ഞ മേയ് മാസം ആന്‍ഡസ് പര്‍വത നിരയില്‍ കാണാതായ 58 കാരനായ ഉറുഗ്വേക്കാരനെ അര്‍ജന്റീനിയന്‍ അധികൃതര്‍ രക്ഷിച്ചു. സമുദ്ര നിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തില്‍ ലോസ് പാറ്റേസ് സുര്‍ താഴ്‌വരയില്‍ സര്‍ഡീന മലനിരയിലെ ഒരു ഷെല്‍ട്ടറിലാണ് റൗള്‍ ഗോമസ് സിന്‍കുനെഗ്വിയെ ഞായറാഴ്ച കണ്ടെത്തിയത്. അദ്ദേഹത്തെ പിന്നീട് ഹെലികോപ്റ്ററില്‍ പടിഞ്ഞാറന്‍ സാന്‍ ജുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഇപ്പോനിമസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതൊരു അത്ഭുതമാണ്’, സന്‍ ജുവാന്‍ ഗവര്‍ണര്‍ ജോസ് ലൂയിസ് ജിയോജ പറഞ്ഞു. ഗോമസ് സുഖം പ്രാപിച്ച് വരുന്നതായി റൗസണ്‍ ആശുപത്രി മേധാവി വിക്ടര്‍ ഒല്‍മോസ് പറഞ്ഞു. ശരീരത്തില്‍ നിന്നും ഏറെ ജലാംശം നഷ്ടപ്പെട്ടതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.
മൂന്ന് മാസം മുമ്പ് ഉറുഗ്വേയില്‍ നിന്നും ചിലിയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ യാത്രക്കിടയില്‍ വാഹനം കേടായി. മറ്റു യാത്രാമാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആന്‍ഡസിലേക്ക് പോകാന്‍ ഗോമസ് തീരുമാനിക്കുകയായിരുന്നു. 4000 മീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. യാത്രചെയ്യുന്നത് അപകടമാണെന്ന് മനസ്സിലാക്കിയതോടെ ഷെല്‍ട്ടറില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഷെല്‍ട്ടറില്‍ അവശേഷിച്ചിരുന്ന പഞ്ചസാരയും ഉണക്ക മുന്തിരിയും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഷെല്‍ട്ടറുകളില്‍ കണ്ട എലികളേയും ആഹാരമാക്കി. ഗോമസിനെ കണ്ടെത്താനുള്ള തിരച്ചില്‍ മഞ്ഞുവീഴ്ച കനത്തതോടെ ജൂലൈയില്‍ അവസാനിപ്പിക്കുകയായിരുന്നു.