വിദ്യാലയങ്ങള്‍ സജീവം: ഗതാഗതക്കുരുക്കില്‍ നഗരങ്ങള്‍

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:26 pm

ദുബൈ: വിദ്യാലയങ്ങള്‍ ആരംഭിച്ചതുകാരണം തെരുവുകളില്‍ വാഹനങ്ങളുടെ വീര്‍പ്പ്മുട്ടല്‍. ഇന്നലെ വന്‍ ഗതാഗതക്കുരുക്കാണ് ദുബൈയില്‍ അനുഭവപ്പെട്ടത്. ഊദ് മേത്ത റോഡില്‍ ചില വഹനങ്ങള്‍ ഒരു മണിക്കൂറോളം കുടുങ്ങി.
സ്‌കൂള്‍ ബസുകളും രക്ഷിതാക്കളുടെ വാഹനങ്ങളും കൊണ്ട് ഊദ് മേത്ത റോഡ് നിറഞ്ഞിരുന്നു. ഇവിടെയാണ് മിക്ക സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ഊദ് മേത്ത റോഡിലെ ഗതാഗതക്കുരുക്ക്, ട്രേഡ് സെന്റര്‍ വരെ നീണ്ടു. ഷാര്‍ജയിലെ ചില റോഡുകളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലെ രണ്ട് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.
യു എ ഇയിലെ 1,376 വിദ്യാലയങ്ങളില്‍ ഏതാണ്ട് 8,92,000 പേരാണ് എത്തിയത്. ആദ്യാക്ഷരം കുറിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങി മിക്ക എമിറേറ്റുകളിലും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സ്‌കൂള്‍ ബസുകളുടെ ഉപയോഗക്ഷമത അധികൃതര്‍ വിലയിരുത്തി. രാവിലെ സ്‌കൂള്‍ തുറക്കുന്ന സമയത്തും ഉച്ചക്കു ശേഷം സ്‌കൂള്‍ വിടുന്ന സമയത്തും കര്‍ശന പരിശോധനയാണ് നടത്തിയത്. അബുദാബിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ രാവിലെ പാര്‍ക്കിംഗ് സൗജന്യമായിരുന്നു.