കഫേകളില്‍ വര്‍ഷാവസാനത്തോടെ ശീഷ നിരോധിക്കും

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:25 pm

അബുദാബി: നഗരത്തിലെ കടലോര കഫേകളില്‍ 2014 അവസാനത്തോടെ ശീഷ നിരോധിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. അധികം വൈകാതെ കടലിന്റെ ഓളങ്ങളില്‍ കണ്ണുനട്ട് ശീഷ ആസ്വദിക്കാനുള്ള അവസരം ഇതോടെ ശീഷ പ്രേമികള്‍ക്ക് ഇല്ലാതാവും.
അബുദാബി കോര്‍ണിഷ് ഉള്‍പ്പെടെയുള്ള മേഖലകളിലെ പത്തോളം റസ്‌റ്റോറന്റ്, കഫേ ഉടമകളോട് ലൈസന്‍സ് പുതുക്കുമ്പോള്‍ ഇനി മുതല്‍ ശീഷ ഒരുക്കാനും വലിക്കാനുമുള്ള സൗകര്യം ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശീഷ നിര്‍ത്താന്‍ തയ്യാറാവാത്ത സ്ഥാപന ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും അധികാരികള്‍ വെളിപ്പെടുത്തി.
പുതിയ നിയമം നടപ്പാവുന്നതോടെ കടല്‍ക്കരയില്‍ ശീഷ വലിക്കാന്‍ അവസരം ഒരുക്കുന്ന കടകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. 2009ല്‍ ഇറക്കിയ ഫെഡറല്‍ നിയമത്തിന്റെ ചുവട് പിടിച്ചാണ് അബുദാബി നഗരസഭ റസ്റ്റോറന്റുകള്‍ക്കും കഫേക്കും അകത്ത് ശീഷ നിരോധിക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി പുകയില ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഉപയോഗിക്കുന്നതും വില്‍പ്പന നടത്തുന്നതും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഫെഡറല്‍ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ദുബൈ ഉള്‍പ്പെടെയുള്ള എമിറേറ്റുകളും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കാന്‍ നിയമങ്ങളുമായി മുന്നോട്ട് പോകുകയാണ്.
തലസ്ഥാനത്തെ താമസ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും ഇനി മുതല്‍ ശീഷ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പൊതുജനാരോഗ്യം ഉറപ്പാക്കുന്ന കഫേകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും അനുമതി നല്‍കൂ. ഇത് ഉറപ്പാക്കാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും നിയമലംഘനം സംഭവിക്കുന്നുണ്ടോയെന്ന് ജാഗ്രതയോടെ പരിശോധിക്കും.
പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അബുദാബി നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ അല്‍ റുമൈത്തി മുന്നറിയിപ്പ് നല്‍കി.