ബുര്‍ജ് മേഖലയില്‍ പുതിയ ആഡംബര കെട്ടിടം വരുന്നു

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:11 pm

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയ ബുര്‍ജ് ഖലീഫയുടെ സമീപത്തായി പുതിയ ആഡംബര കെട്ടിടം വരുന്നു. 100 കോടി ദിര്‍ഹം മുതല്‍ മുടക്കി നിര്‍മിക്കുന്ന കെട്ടിടത്തിന് ഡമാക് പ്രോപര്‍ട്ടീസ്, ടെപ് അക്‌ഫെന്‍ ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഓപറേഷന്‍സ് ദുബൈ ശാഖയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഡമാക് പ്രോപര്‍ട്ടീസിന്റെ ഉടമകളായ പാരമൗണ്ട് ഗ്രൂപ്പാണ് നിര്‍മാണത്തിന് പിന്നില്‍. 33 മാസത്തിനകം കെട്ടിടം യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി. 2016 മെയ്, ജൂണ്‍ മാസങ്ങളില്‍ പുതിയ കെട്ടിടം സജ്ജമാകും. നാലു ടവറുകളോടെയാവും എല്ലാ ആഡംബരത്തോടെയും കെട്ടിടം പണിയുക. ഓരോ ടവറിനും 250 മീറ്റര്‍ ഉയരമുണ്ടാവും. ഈ വര്‍ഷം മാര്‍ച്ചില്‍ ബുക്കിംഗ് നടന്നപ്പോള്‍ വമ്പന്‍ പ്രതികരണമായിരുന്നു നിക്ഷേപകരില്‍ നിന്നുണ്ടായത്.
കെട്ടിടത്തിലെ അപാര്‍ട്ട്‌മെന്റുകളും മറ്റും വാങ്ങാന്‍ ആളുകള്‍ തള്ളിക്കയറിയെന്നായിരുന്നു റിപോര്‍ട്ട്. ദുബൈയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ 1,000 ല്‍ അധികം പേര്‍ നിക്ഷേപകരായി പങ്കെടുത്തിരുന്നതായും ഉടമകള്‍ വെളിപ്പെടുത്തിയിരുന്നു.