Gulf
യു എ ഇ അറബ് മേഖലയിലെ ഏറ്റവും സന്തോഷമുള്ള രാജ്യം

ദുബൈ: യു എ ഇ അറബ് മേഖലയിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് യു എന്‍. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 14ാം സ്ഥാനം കരസ്ഥമാക്കാനും യു എ ഇക്ക് കഴിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ മുന്‍തലമുറ ചെയ്ത മഹത്തായ സേവനങ്ങളാണ് അറബ് മേഖലയില്‍ നിന്നും രാജ്യത്തെ ഒന്നാമത് എത്തിച്ചിരിക്കുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് ദിശാബോധം നല്‍കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ലക്ഷ്യത്തിനായാണ് നിലകൊണ്ടതെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.യു എന്‍ പുറത്തുവിട്ട രണ്ടാമത് വേള്‍ഡ് ഹാപ്പിനെസ് റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
രാജ്യത്തെ പൗരന്മാര്‍ക്ക് മെച്ചപ്പെട്ടതും മാന്യവുമായ ജീവിതം ഉറപ്പാക്കാന്‍ ആവുന്നതെല്ലാം ചെയ്യും. ജനതയുടെ ക്ഷേമവും സന്തോഷവും രാഷ്ട്രത്തിന് പരമപ്രധാനമാണ്. ഈ ലക്ഷ്യത്തിനായാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നത്. വിശ്വാസ്യത മുറുകെ പിടിക്കുന്ന വ്യക്തികളും മികച്ചതും കൂട്ടായ്മയില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനവും സഹകരണവും ഈ ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ സാഹായിച്ച ഘടകങ്ങളാണ്.
ലക്ഷ്യം നേടാന്‍ പ്രവര്‍ത്തിച്ച ഫെഡറല്‍-ലോകല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്ര പ്രസംശിച്ചാലും മതിയാവില്ല. ഞങ്ങളുടെ ലക്ഷ്യം ജനതക്ക് സന്തോഷം പ്രദാനം ചെയ്യുക എന്നതാണ്. ജനതയുടെ സംതൃപ്തിയാണ് ഞങ്ങളുടെ വിജയത്തിന് ആധാരം. എല്ലാ വികസ പദ്ധതികളും സര്‍ക്കാര്‍ എടുക്കുന്ന എല്ലാ കാല്‍വെപ്പുകളും നയങ്ങളും നിയമങ്ങളും പൗരന്‍മാരുടെ ക്ഷേമം എന്ന ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഈ നേട്ടം ഒരു തുടക്കം മാത്രമാണ്. ഉറച്ചതും മികച്ച സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. അത്തരം പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഈയിടെ നടന്ന ഗവണ്‍മെന്റ് സമ്മിറ്റില്‍ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളോട് നിര്‍ദ്ദേശിച്ചത്. സന്തോഷം മാനസികമായ ഒരു അവസ്ഥയാണെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ജീവിതം ആയാസരഹിതമാവണം. എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണം. ശൈഖ് ഖലീഫയുടെ നേതൃത്വത്തില്‍ ഈ ലക്ഷ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായി നിലകൊള്ളുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.