ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കേണ്ട വാക്‌സിനുകള്‍ക്ക് ക്ഷാമം

Posted on: September 9, 2013 7:58 am | Last updated: September 9, 2013 at 7:58 am

Universal-Flu-Vaccine1പാലക്കാട്: സംസ്ഥാനത്ത് അവശ്യമരുന്ന് ക്ഷാമത്തിന് പുറമെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉള്ള വാക്‌സിനും കിട്ടാനില്ല. ഗര്‍ഭിണികള്‍ക്കുള്ള ആന്റി ഡി വാക്‌സിനും കുഞ്ഞുങ്ങള്‍ക്കുള്ള എം എം ആര്‍ വാക്‌സിനുമാണ് ക്ഷാമം അനുഭവപ്പെടുന്നത്.
വില നിയന്ത്രണത്തിന് ഉള്ള ശ്രമങ്ങളെ തുടര്‍ന്ന് വിപണിയില്‍ മരുന്ന് ക്ഷാമം നിലനില്‍ക്കെയാണ് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉള്ള വാക്‌സിനും ക്ഷാമം നേരിടുന്നത്. ഇവ രണ്ടും കിട്ടാത്ത സ്ഥിതിയാണിപ്പോഴുള്ളത്.
അമ്മയുടെയും കുഞ്ഞിന്റെയും രക്ത ഗ്രൂപ്പുകള്‍ വ്യത്യസ്തമാകാന്‍ സാധ്യതയുള്ളപ്പോള്‍ കുഞ്ഞിന്റെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കുന്നതാണ് ആന്റി ഡി വാക്‌സിന്‍.
അഞ്ചാം പനി, മുണ്ടിനീര് എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് എം എം ആര്‍ റാബിസ് വാക്‌സിനാണ്. മഞ്ഞപ്പനി മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. അപസ്മാരം, പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്റ്ററോള്‍ എന്നിവക്കുള്ള മരുന്നുകളും സര്‍ക്കാര്‍ ഫാര്‍മസികളില്‍ കിട്ടാനില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് കിട്ടാനില്ലെങ്കിലും, പൊതുവിപണിയില്‍ ഉയര്‍ന്ന വിലക്ക് ഇത് സുലഭമാണ്.
എന്നാല്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌ന കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഈ ന്യായവാദങ്ങള്‍ക്ക് അപ്പുറം മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഒന്നും എടുക്കുന്നില്ല. മരുന്ന് ക്ഷാമം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള രോഗികളാണ്.
സര്‍ക്കാര്‍ ഫാര്‍മസികളില്‍ മരുന്ന് കിട്ടാതാകുമ്പോള്‍ കൂടിയ വിലക്ക് പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരികയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.