Connect with us

Kozhikode

അറബിക്കല്ല്യാണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കോഴിക്കോട്: അറബിക്കല്യാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷകളും ഒളിവിലുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളി. ജാമ്യ, മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിച്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് വി ഭാസ്‌കരനാണ് അപേക്ഷകള്‍ നിരസിച്ചത്. അറബിക്കല്യാണം പോലുള്ള പ്രവണത ലാഘവമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം നല്‍കിയാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യുഷന്റെ വാദം അംഗീകരിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെ ണ്‍കുട്ടിയെ വിവാഹം ചെയ്ത യു എ ഇ പൗരന്‍ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിന്റെ മാതാവ് കല്ലായി ചക്കുംകടവ് ഇളയടത്ത്കുഴിപ്പറമ്പ് സുലൈഖ(42), രണ്ടാം ഭര്‍ത്താവ് സി മുനീര്‍(38), സുലൈഖയുടെ സഹോദരിപുത്രന്‍ കുണ്ടുങ്ങല്‍ വലിയകം വീട്ടിലെ അബ്ദുല്ലക്കോയയുടെ മകന്‍ അബു ഷാഹ(27) എന്നിവരുടെ ജാമ്യഹര്‍ജിയാണ് തള്ളിയത്. സിയസ്‌കോ യത്തീംഖാന സെക്രട്ടറി പി ടി മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ പി വി മാമുക്കോയ, ജീവനക്കാരായ യഹിയ ഖാദര്‍, പി എം ഖാലിദ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ആലിക്കോയ കെ കടലുണ്ടി ഹാജരായി.

Latest