Connect with us

Kozhikode

അനധികൃത മണല്‍കടത്ത്: നടപടി ശക്തമാക്കി

Published

|

Last Updated

കോഴിക്കോട്: അനധികൃത മണല്‍ കടത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍കടത്ത് വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജാഗ്രതാ നടപടികള്‍ തുടങ്ങിയത്.
മണലൂറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ജില്ലയിലെ മണലൂറ്റുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ കടവുകള്‍ക്ക് മണല്‍ വാരലിന് തുടര്‍ച്ചാനുമതി ലഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സി ഡബ്ല്യു ആര്‍ ഡി എം മുഖേന സാന്‍ഡ് ഓഡിറ്റിംഗ് നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാത്ത കടവുകളുടെ അനുമതി ഡിസംബറിന് ശേഷം റദ്ദാക്കും. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്ന ശേഷം റോയല്‍റ്റി അടക്കാത്തവര്‍ ഉടന്‍ അടക്കണമെന്നും നിര്‍ദേശിച്ചു.
അനധികൃത മണലൂറ്റല്‍ തടയുന്നതിനായി കടവുകള്‍ കേന്ദ്രീകരിച്ച് കടവുകമ്മിറ്റി രൂപവത്കരിക്കും.
ഈ കമ്മിറ്റികള്‍ കൃത്യമായി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കും.
മണല്‍ കയറ്റാനായി വരുന്ന വാഹനങ്ങള്‍ നദിയിലേക്കിറക്കി മണല്‍ വാരാതിരിക്കാന്‍ റിസീവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കണം. വാഹനങ്ങള്‍ നദിയിലേക്കിറക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ നിര്‍മിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മണല്‍ത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ ഉറപ്പുനല്‍കി. യോഗത്തില്‍ ആര്‍ ഡി ഒ പി വി ഗംഗാധരന്‍, ഡെപ്യൂട്ടി കലക്ടര്‍ റഷീദ് പി എ എന്നിവരും പങ്കെടുത്തു.