ഊഹങ്ങള്‍ക്കും കേട്ടുകേള്‍വികള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനമില്ല: പൊന്മള

Posted on: September 7, 2013 2:07 am | Last updated: September 7, 2013 at 2:07 am

അരീക്കോട്: ശക്തമായ പ്രാമാണിക അടിത്തറയുള്ള മതമാണ് ഇസ്‌ലാമെന്നും ഊഹങ്ങള്‍ക്കും കേട്ടുകേള്‍വികള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍.
ഔലിയാക്കളെന്ന പേരില്‍ മുളച്ചുപൊങ്ങുന്ന വ്യാജന്‍മാരെ കരുതിയിരിക്കണെമെന്നും ഇത്തരക്കാരുടെ വഞ്ചനയില്‍ പെട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. സംഘശാക്തീകരണം ലക്ഷ്യമാക്കി എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ കീഴില്‍ അരീക്കോട് മജ്മഇല്‍ ഇന്നലെ തുടങ്ങിയ ജില്ലാ പാഠശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി വി മുഹമ്മദ് വലിയ പറപ്പൂര്‍, കെ പി ജമാല്‍ കരുളായി, സിപി സൈതലവി മാസ്റ്റര്‍ ചെങ്ങര പ്രസംഗിച്ചു.
കാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് സംഘടനാ പ്രവര്‍ത്തനവും പ്രബോധന രീതിയും ചിട്ടപ്പെട്ടുത്തുന്നതിന് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.  ഇന്നലെ ദഅ്‌വത്, നസ്വീഹത്, അഹ്‌ലുസ്സുന്ന എന്നീ സെഷനുകള്‍ക്ക് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹമാന്‍ ദാരിമി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍  നേതൃത്വം നല്‍കി.
ഇന്ന് സംഘടനാ പ്രവര്‍ത്തന രംഗത്ത് ക്യാബിനറ്റ് സിസ്റ്റത്തിന്റെ പ്രയോഗവല്‍ക്കരണം, പബ്ലിക് റിലേഷന്‍, പദ്ധതി പഠനം, ആറ്റിറ്റിയൂഡ് ചെയ്ഞ്ച് എന്നീ സെഷനുകള്‍ക്ക് മുഹമ്മദ് പറവൂര്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, സുലൈമാന്‍ സഖാഫി  മാളിയക്കല്‍, ഇഹ്‌റാം ട്രെയ്‌നര്‍ മുഹ്‌സിന്‍ നേതൃത്വം നല്‍കും.  ക്യാമ്പ് ഇന്ന് സമാപിക്കും.