യു എസ് ഓപ്പണ്‍: ആന്‍ഡി മുറെ പുറത്ത്‌

Posted on: September 7, 2013 6:00 am | Last updated: September 7, 2013 at 1:55 am

andymurraysixന്യൂയോര്‍ക്ക്: യു എസ് ഓപണ്‍ ഗ്രാന്‍സ്ലാം നിലനിര്‍ത്താനുള്ള ആന്‍ഡി മുറെയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയോട് നേരിട്ട സെറ്റുകള്‍ക്ക് (6-4,6-3,6-2) പരാജയപ്പെട്ട് ബ്രിട്ടീഷ് താരം സെമി കാണാതെ പുറത്തായി. അതേ സമയം സെര്‍ബ് താരം നൊവാക് ജൊകോവിച് റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയെ കീഴടക്കി (6-3,6-2,3-6,6-0) സെമിയിലെത്തി. ഇന്ന് നടക്കുന്ന സെമിയില്‍ നൊവാക് ജൊകോവിച്-സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിടും. മറ്റൊരു സെമിയില്‍ സ്പാനിഷ് രണ്ടാം സീഡായ റാഫേല്‍ നദാലും ഫ്രാന്‍സിന്റെ എട്ടാം  സീഡ് റിചാര്‍ഡ് ഗാസ്‌ക്വുറ്റും ഏറ്റുമുട്ടും.
ഒളിമ്പിക്, വിംബിള്‍ഡന്‍ ചാമ്പ്യനായ ആന്‍ഡി മുറെക്ക് ഷോക്ക് ട്രീറ്റ്‌മെന്റായി സ്വിസ് താരത്തിന്റെ വിജയം. ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്കൊപ്പമുള്ള പരിശീലനമൊന്നും ഇതുവരെ വാവ്‌റിങ്കക്ക് കാര്യമായ നേട്ടമുണ്ടാക്കിയിരുന്നില്ല. ഇതാദ്യമായി, ഗ്രാന്‍സ്ലാമിന്റെ സെമിഫൈനലിലേക്ക് വാവ്‌റിങ്ക കാലൂന്നിയപ്പോള്‍ ഫെഡറര്‍ കരിയറിലെ മോശം കാലഘട്ടം വരച്ചിട്ട് ന്യൂയോര്‍ക്കില്‍ നിന്ന് മടങ്ങിയിരുന്നു.
നിലവിലെ ചാമ്പ്യനെതിരെ തകര്‍പ്പന്‍ ജയം സാധ്യമായതിന്റെ ആവേശത്തിലാണ് വാവ്‌റിങ്ക. മൂന്ന് സെറ്റിനുള്ളില്‍ മുറെയെ തോല്‍പ്പിക്കാന്‍ സാധിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല – സ്വിസ് താരം പറഞ്ഞു. ആന്‍ഡി മുറെ തോല്‍വിയെ വിലയിരുത്തുന്നത് സ്വിസ് താരത്തിന്റെ മികവിനെ പ്രശംസിച്ചു കൊണ്ടാണ്. അദ്ദേഹം നന്നായി കളിച്ചു. വളരെ അനായാസമായിട്ടാണ് വാവ്‌റിങ്ക കളിച്ചത്. എനിക്കാണെങ്കില്‍ ഒരു ബ്രേക് പോയിന്റ് അവസരം പോലും ലഭിച്ചില്ല. അത്ര മാത്രം മികച്ചതായിരുന്നു അയാളുടെ സെര്‍വുകള്‍. വലിയൊരു വേദിയില്‍ ഇത്ര മോശമായി കളിച്ചതില്‍ താന്‍ നാണിക്കുന്നുവെന്നും ബ്രിട്ടീഷ് താരം പറഞ്ഞു.
146 ഗ്രാന്‍സ്ലാം മത്സരങ്ങള്‍ കളിച്ചതില്‍ ഇത് രണ്ടാം തവണ മാത്രമാണ് മുറെക്ക് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാന്‍ സാധിക്കാതെ പോയത്. കാറ്റുള്ള സാഹചര്യം ബ്രിട്ടീഷ് സൂപ്പര്‍ താരത്തെ ശരിക്കും വലച്ചു. വാവ്‌റിങ്ക 45 വിന്നേഴ്‌സുകള്‍ നേടിയപ്പോള്‍ മുറെ ഏറെ പിറകിലായി.
ആദ്യ സെറ്റ് ശക്തമായ കാറ്റിനെ തുടര്‍ന്ന് വളരെ പ്രയാസകരമായിരുന്നുവെന്ന് വാവ്‌റിങ്ക പറയുന്നു. മുറെ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഏറെ ഏകാഗ്രതയോടെ വാവ്‌റിങ്ക മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്.
മുമ്പ് മൂന്ന് തവണ ഗ്രാന്‍സ്ലാം ക്വാര്‍ട്ടറില്‍ പുറത്തായ ചരിത്രമാണ് വാവ്‌റിങ്ക ഇവിടെ തിരുത്തിയത്. റോജര്‍ ഫെഡറര്‍ക്കും മാര്‍ക് റോസെറ്റിനും ശേഷം ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന പുരുഷ താരമായി വാവ്‌റിങ്ക.
മുറെയുമായി പതിമൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ എട്ടിലും പരാജയപ്പെട്ട വാവ്‌റിങ്കക്ക് ഈ വിജയം ഏറെ മധുരതരമായി. 2010 യു എസ് ഓപണില്‍ മൂന്നാം റൗണ്ടിലും വാവ്‌റിങ്ക ബ്രിട്ടീഷ് സൂപ്പറിനെ പരാജയപ്പെടുത്തിയിരുന്നു. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നൊവാക് ജൊകോവിചിന് മൂന്നാം സെറ്റില്‍ മാത്രമാണ് കാലിടറിയത്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നുവെന്ന് അവകാശപ്പെട്ട ജൊകോവിചിന് റഷ്യന്‍ താരത്തിനെതിരെ സെറ്റ് നഷ്ടമായത് അലസത കൊണ്ടായിരുന്നു. അവസാന സെറ്റ് 6-0ന് ജയിച്ച ജൊകോവിച് തന്റെ അലസതയില്‍ നിന്നുണരുകയും ചെയ്തു. സെമിഫൈനലില്‍ നേരിടേണ്ടത് മുറെയെ അട്ടിമറിച്ച വാവ്‌റിങ്കയെയാണ്. ഗ്രാന്‍സ്ലാമുകളില്‍ തുടരെ പതിനാലാം സെമി ബെര്‍ത് സ്വന്തമാക്കിയ ജൊകോവിച് കിരീട ഫേവറിറ്റായി മാറിക്കഴിഞ്ഞു.