മൈത്രി പോലീസിന്റെ മൂന്നാം മുറ

Posted on: September 7, 2013 6:00 am | Last updated: September 7, 2013 at 1:09 am

siraj copyകാലമേറെ മാറിയിട്ടും നിയമപാലകരുടെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജയപ്രസാദ് എന്ന യുവാവിന് നേരെയുണ്ടായ പോലീസ് ക്രൂരതകള്‍ കാണിക്കുന്നത്. തിരുവനന്തപുരം ആനയറയില്‍ ഹോര്‍ട്ടികോര്‍പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തെിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുകയും ചീമുട്ടയെറിയുകയും ചെയ്തതുമായി ബന്ധപ്പെട്ട് പിടികൂടിയ സി പി എം പ്രവര്‍ത്തകന്‍ ജയപ്രസാദിന്റെ നാഭിക്ക് തൊഴിയും  ജനനേന്ദ്രിയം ഞെരിക്കലുമുള്‍പ്പെടെ കൊടിയ മര്‍ദന മുറകളാണ്. പൂന്തുറ എസ് ഐ വിജയദാസും സംഘവും നടത്തിയത്. കക്ഷിഭേദമന്യേ രാഷ്ടീയ നേതാക്കള്‍ അപലപിച്ചുവെന്നത് സംഭവത്തിന്റെ ഗൗരവം വിളിച്ചോതുന്നു.
അധിനിവേശ ഭരണത്തിന്റെ പിന്തുടര്‍ച്ചയാണ് മൂന്നാം മുറയും കസ്റ്റഡി മര്‍ദനവും. ബ്രിട്ടീഷ് സര്‍ക്കാര്‍ അധിനിവേശ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരപ്പോരാളികള്‍ക്ക് നേരെ പ്രയോഗിച്ചിരുന്ന മൂന്നാം മുറ, പരിഷ്‌കൃത ഇന്ത്യന്‍ സമൂഹത്തില്‍ വിശിഷ്യാ, സാംസ്‌കാരികമായി ഉന്നതിയിലെന്നവകാശപ്പെടുന്ന കേരളത്തില്‍ പോലും നിലനില്‍ക്കുന്നുവെന്നത് ലജ്ജാകരമാണ്. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഇപ്പേരില്‍ ഇന്ത്യന്‍ സര്‍ക്കാറിനെ പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതരെ ദിവസങ്ങളോളം അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചും കഠിനമായി പീഡിപ്പിച്ചും എഫ് ഐ ആറിനുള്ള വക കണ്ടെത്തിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുന്ന പതിവാണ് ഇന്നും സംസ്ഥാനത്ത് പൊതുവെ തുടരുന്നത്. പോലീസ് പീഡനത്തിനിടയില്‍ പ്രതികള്‍ക്ക് മാരക പരുക്കേല്‍ക്കുകയോ, മരണത്തിനിടയാവുകയോ ചെയ്യുമ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
പ്രതിഷേധമുയരുമ്പോള്‍ മൂന്നാം മുറ പ്രയോഗം കര്‍ശനമായി തടയുമെന്ന പ്രസ്താവനയുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തുമെങ്കിലും പിന്നെയും തുടരുമെന്നതാണ് അനുഭവം. പോലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചിരുന്നു. ജനങ്ങളോടുള്ള പോലീസിന്റെ സമീപനം മാറ്റിയെടുക്കുന്നതിനും  കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും പോലീസിന് പൊതുജന സഹകരണം ലഭ്യമാക്കുന്നതിനുമായി  ജനമൈത്രി പോലീസ് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് 2006 ല്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 2007 ല്‍ ഇതുസംബന്ധിച്ച് കരടുരേഖ തയ്യാറാക്കി വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം അംഗീകാരവും നല്‍കി. ഇതടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 248 സ്റ്റേഷനുകളല്‍ ജനമൈത്രി പോലീസ് സംവിധാനവും പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തന രീതിയും നിയമങ്ങളും അഴിച്ചുപണിയുന്നതിനായി അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ കേരള പൊലീസ് ബില്‍ അവതരിപ്പിക്കുകയുമുണ്ടായി. കസ്റ്റഡി മര്‍ദനങ്ങള്‍ക്കും മരണങ്ങള്‍ക്കും എന്നിട്ടും അറുതിയില്ല.
നിയമങ്ങളുടെയും ചട്ടങ്ങളുടെയും അപര്യാപ്തതയല്ല, നിയമത്തെ നോക്കുകുത്തിയാക്കി കുറ്റാരോപിതരായ പോലീസുകാര്‍ രക്ഷപ്പെടുന്നതും  ഇന്നത്തെ ജീര്‍ണിച്ച രാഷ്ട്രീയ വ്യവസ്ഥിതിയും പോലീസുദ്യോഗസ്ഥരുടെ സദാചാര, ധാര്‍മിക ബോധമില്ലായ്മയുമൊക്കെയാണ് പ്രശ്‌നത്തിന്റെ മര്‍മങ്ങള്‍.  പോലീസിന്റെ വിന്യാസത്തിലും ദൗത്യനിര്‍വഹണത്തിലും രാഷ്ട്രീയ ഇടപെടല്‍    സാര്‍വത്രികമാണ്. പോലീസ് റിക്രൂട്ട്‌മെന്റില്‍ ധാര്‍മികത ഒരു മാനദണ്ഡമേയല്ല. മിനിമം ധാര്‍മികതയെങ്കിലും ഉള്ളവരല്ല പോലീസില്‍ നിയമനം നേടുന്നവരില്‍ ഏറെയും. അവര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാനവിക മൂല്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുമില്ല. പ്രമാദമായ രാജന്‍ കേസിലടക്കം പോലീസ് പീഡനക്കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ചത്. പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം ആത്മഹത്യയാണെന്ന് സ്ഥാപിച്ചു കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള സര്‍ക്കാര്‍, സി ബി ഐ ശ്രമത്തെ കോടതി അതിരൂക്ഷമായി വിമ ര്‍ശിക്കുകയുണ്ടായി. നിയമങ്ങളും പരിഷ്‌കരണ നടപടികളും കടലാസിലൊതുങ്ങിയാല്‍ പോരാ, അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനുണ്ടായാലേ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിന് തടയിടാനാകൂ.