Connect with us

Gulf

കണ്ണ് പരിശോധന: പ്രവേശനം നിഷേധിച്ചത് മൂന്നര ലക്ഷം പേര്‍ക്ക്‌

Published

|

Last Updated

ദുബൈ: എമിറേറ്റിലെ വിമാനത്താവളത്തില്‍ നടക്കുന്ന ഐ സ്‌കാനിംഗിലൂടെ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചത് മൂന്നര ലക്ഷം ആളുകള്‍ക്ക്. 2003ല്‍ കണ്ണുകള്‍ സ്‌കാന്‍ ചെയ്യുന്ന സംവിധാനം നിലവില്‍ വന്നത് മുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയാണ് ഇത്രയും ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരിക്കുന്നതെന്ന് താമസ വിദേശകാര്യ വിഭാഗമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ദുബൈ ഗവണ്‍മെന്റ് എക്‌സലെന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ ടിയുമായി ബന്ധപ്പെട്ട സിംമ്പോസിയത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിമ്പോസിയത്തില്‍ മാനേജ്‌മെന്റ്, ഗവണ്‍മെന്റ് എക്‌സലന്‍സ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധര്‍ സംസാരിച്ചു.
144 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും നന്നായി ഐ ടിയുള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് യു എ ഇ. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ശൈബാനി, ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ ഹുമൈദാന്‍, താമസ വിദേശകാര്യ ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മിറി, ഡി ജി ഇ പി ജനറല്‍ കോഓഡിനേറ്റര്‍ ഡോ. അഹമ്മദ് അല്‍ നുസൈറാത്ത് പങ്കെടുത്തു.

Latest