അധ്യാപക അവാര്‍ഡ് തുക ഇരട്ടിയാക്കി

Posted on: September 6, 2013 6:11 am | Last updated: September 6, 2013 at 2:11 pm

കണ്ണൂര്‍: സംസ്ഥാനതല അധ്യാപക അവാര്‍ഡ് തുക വര്‍ധിപ്പിച്ചതായി മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കി വന്നിരുന്ന 5,000 രൂപ കാഷ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ പത്തായിരം രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഓരോ വര്‍ഷവും പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ അതാത് വര്‍ഷം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ അവാര്‍ഡ് പ്രഖ്യാപനം നടന്നുകഴിഞ്ഞാലും ഒരു വര്‍ഷം കഴിഞ്ഞായിരുന്നു അവാര്‍ഡ് സമര്‍പ്പണം നടന്നിരുന്നത്. ഈ അവസ്ഥ ഇക്കൊല്ലത്തോടെ മാറ്റും. ഇത്തവണത്തെ അവാര്‍ഡുകള്‍ ഒരു മാസത്തിനകം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അധ്യാപക അവാര്‍ഡുകളുടെ വിതരണവും കണ്ണൂരില്‍ പുതുതായി ആരംഭിച്ച ശിക്ഷക് സദനിന്റെ ഉദ്ഘാടവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അബ്ദു റബ്ബ്. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഒരു വിദ്യാലയം പോലും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ല. അടിസ്ഥാന സൗകര്യങ്ങളും മറ്റുസംവിധാനങ്ങളും പരിശോധിച്ച തൃപ്കികരമായ സ്ഥാപനങ്ങള്‍ക്കുമാത്രമേ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുള്ളൂ.
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ കണ്ണൂര്‍, തലശേരി വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. ഇതില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധി മറ്റു വിദ്യാഭ്യാസ ജില്ലകളെക്കാളും പരന്ന് കിടക്കുകയാണ്. ഇത് ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയെ വിഭജിച്ച് തളിപ്പറമ്പ് ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ജില്ലക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പുതിയ മേഖലാ ഓഫീസുകള്‍ തുറക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചപ്പോള്‍ ഏതാനും വിദ്യാലയങ്ങള്‍ മാത്രമുണ്ടായ സമയത്ത് ആരംഭിച്ച തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍ മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. എന്നാല്‍ വിദ്യാലയങ്ങള്‍ വര്‍ധിച്ചത് ഈ മേഖലാ ഓഫീസുകളുടെ ജോലി ഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ മേഖലാ ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ സി ജോസഫ്, കെ എം ഷാജി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, ഡി പി ഐ എ ഷാജഹാന്‍, റോഷ്‌നി ഖാലിദ്, ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, അഡ്വ. ടി ഒ മോഹനന്‍, എസ് വിജയന്‍ പിള്ള പ്രസംഗിച്ചു.