ഇടുക്കി: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ കേസിലെ ദമ്പതികള്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങി. ദേവികുളം കോളനി ഗായത്രി ഭവനിലെ എസ് മുത്തുകുമാര്‍ (48), ഭാര്യ എം മുരുകേശ്വരി(38) എന്നിവരാണ് മൂന്നാര്‍ എസ് ഐക്ക് മുമ്പില്‍ ഹാജരായത്. ലക്ഷം വീട് കോളനിയില്‍ ദുര്‍ഗാഭവനില്‍ ആനന്ദിന്റെ സഹോദരന്‍ സതീഷ് കുമാര്‍, വിഘ്‌നേശ്വര സ്‌റ്റോഴ്‌സ് ഉടമ ജയറാമിന്റെ മകന്‍ വിഘ്‌നേഷ് എന്നിവര്‍ക്കാണ് ഷിപ്പിംഗ് മന്ത്രാലയത്തില്‍ ഉയര്‍ന്ന ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം രൂപ ഇവര്‍ തട്ടിയെടുത്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.