സിറിയന്‍ ആക്രമണം: ചൈന നിലപാട് കര്‍ക്കശമാക്കി

Posted on: September 5, 2013 11:50 pm | Last updated: September 6, 2013 at 10:15 am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സിറിയക്കെതിരെ സൈനിക ആക്രമണത്തിന് തയ്യറെടുക്കുന്ന അമേരിക്കന്‍ നിലപാടിനെതിരെ റഷ്യക്ക് പിറകേ ചൈനയും ശക്തമായി രംഗത്ത് വരുന്നു. നേരത്തേ റഷ്യയാണ് പരസ്യ വിമര്‍ശവുമായി രംഗത്ത് വന്നതെങ്കില്‍ ജി 20 ഉച്ചകോടി നടക്കുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചൈന ഇന്നലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു.
ഏകപക്ഷീയമായ ആക്രമണം അംഗീകരിക്കാനാകില്ലെന്നും അത്തരം നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്തുമെന്നും റഷ്യന്‍ ഉപ ധനകാര്യമന്ത്രി ഴു ഗ്വാംഗ്യോ പറഞ്ഞു. സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉച്ചകോടി ചേരുന്നതെങ്കിലും സിറിയയാണ് ചര്‍ച്ചകളില്‍ മുന്നിട്ട് നില്‍ക്കുന്നത്.
പിന്തുണ ആര്‍ജിക്കാനായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് ചൈന നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
അതിനിടെ സിറിയയില്‍ അല്‍ഖാഇദ സാന്നിധ്യം ശക്തമല്ലെന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവനയോട് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ രൂക്ഷമായി പ്രതികരിച്ചു. യു എസ് വിദേശകാര്യ സെക്രട്ടറി കളവ് പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആക്രണമുണ്ടായാല്‍ അത് ആണവ റിയാക്ടറുകളുടെ സുരക്ഷയെ ബാധിക്കുമെന്നും ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് യൂറോപ്യന്‍ യൂനിയനും പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ വിശാലമായ പരിശോധനക്ക് ശേഷം മാത്രമേ ആക്രമണത്തിന് മുതിരാവൂ എന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവേല്‍ ബസോ പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരമല്ല വേണ്ടതെന്ന് ഹെര്‍മന്‍ വാന്‍ റോംപിയും പ്രതികരിച്ചു.
സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള അവസാനത്തെ അവസരമാണ് ജി 20 ഉച്ചകോടിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റ പറഞ്ഞു. എന്നാല്‍ സിറിയയെ എങ്ങനെ ശിക്ഷിക്കണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് പറഞ്ഞു.
രാസായുധം പ്രയോഗിച്ച ഭരണാധികാരിയെ ലോകം പാഠം പഠിപ്പിക്കണം. ഇതിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ അത്തരമൊരു സമവായം ദുഷ്‌കരമാണെന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.