ജി സി ഐ റാങ്കിംഗില്‍ യു എ ഇക്ക് വന്‍ നേട്ടം

Posted on: September 5, 2013 8:27 pm | Last updated: September 5, 2013 at 8:27 pm

ദുബൈ: ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നസ്സ് ഇന്റെക്‌സി(ജി സി ഐ)ല്‍ യു എ ഇക്ക് 19ാം സ്ഥാനം. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 148 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നസ്സ് ഇന്റെക്‌സ് റിപോര്‍ട്ടിലാണ് ആദ്യ 20 രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇ സ്ഥാനം പിടിച്ചത്. 12 കാര്യങ്ങള്‍ വിലയിരുത്തിയാണ് രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

സമ്പദ്ഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് യൂ എ ഇക്ക് പട്ടികയില്‍ ഇടം ലഭിക്കാന്‍ ഇടയാക്കിയത്. സാമ്പത്തിക പുരോഗതി മാത്രം കണക്കാക്കിയാല്‍ യു എ ഇയുടെ സ്ഥാനം പട്ടികയില്‍ അഞ്ചാമതെത്തും. സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഹോകോംഗ്, ഫിന്‍ലന്റ് എന്നീ നാലു രാജ്യങ്ങള്‍ മാത്രമാണ് യു എ ഇക്ക് മുമ്പിലുള്ളത്.
പശ്ചാത്തല സൗകര്യ വികസനം മാത്രം കണക്കാക്കിയാല്‍ എട്ടും വിശാലമായ സാമ്പത്തിക പരിസ്ഥിതി എടുത്താല്‍ 12ാംമതുമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇയുടെ സ്ഥാനം. നവീകരണവും പരിഷ്‌ക്കരണവും പരിഗണിക്കുമ്പോള്‍ രാജ്യം 25ാം സ്ഥാനത്താണ്.
നാലു വര്‍ഷത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക അവസ്ഥയിലും പുരോഗതിയുള്ളതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പട്ടികയിലെ സ്ഥാനം ഓരോ തവണയും അഭിവൃദ്ധിപ്പെടുത്തുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പട്ടികയിലെ സ്ഥാനം മൊത്തം പ്രകടനം വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ അഞ്ചാമതാണ്. കഴിഞ്ഞ വര്‍ഷം ഇത് ഏഴായിരുന്നു. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രകടമാവുന്ന ഉണര്‍വാണ് നില മെച്ചപ്പെടാന്‍ സഹായിച്ചിരിക്കുന്നത്.