അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏഴ് ശതമാനം പലിശക്ക് വായ്പ ഉറപ്പാക്കും

Posted on: September 5, 2013 6:00 am | Last updated: September 5, 2013 at 12:04 pm

കല്‍പ്പറ്റ: ബേങ്ക് ഗ്രേഡിംഗ് ആന്‍ഡ് ലിങ്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ഏഴ് ശതമാനം പലിശക്ക് വായ്പ ഉറപ്പാക്കും. ബേങ്ക് കൂടുതലായി ഈടാക്കുന്ന പലിശ തുക കുടുംബശ്രീ ജില്ലാ മിഷന്‍ വഹിക്കും.
ക്യാമ്പയിന്റെ ഭാഗമായി തൊണ്ടര്‍നാട് സി.ഡി.എസിലെ യോഗ്യതയുള്ള 125 അയല്‍ക്കൂട്ടങ്ങളെയാണ് ഒറ്റദിവസം കൊണ്ട് ഗ്രേഡിംഗ് ആന്‍ഡ്‌ലിങ്കേജ് പൂര്‍ത്തിയാക്കിയത്. ഈ മാസം ഏഴിന് വെള്ളമുണ്ട പഞ്ചായത്തില്‍ മേള നടക്കും. തുടര്‍ന്ന് കോട്ടത്തറ, പടിഞ്ഞാറത്തറ സി ഡി എസുകളിലും ലിങ്കേജ് മേള സംഘടിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ബാങ്ക് മുഖേന ഗ്രേഡിംഗ് & ലിങ്കേജ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ട ലിങ്കേജ് മേള തുടങ്ങി. പദ്ധതിയുടെ ഭാഗമായി 26 സി.ഡി.എസുകളിലാണ് ലിങ്കേജ് മേള നടത്തുക. അയല്‍ക്കൂട്ടങ്ങളെടുത്ത വായ്പ കുടിശ്ശിക വരുത്തിയവരുടെ ലിസ്റ്റ് ശേഖരിച്ച് തിരിച്ചടവ് ക്യാമ്പയിനും മേളയുടെ ഭാഗമായി നടത്തും.
ലിങ്കേജ് മേളയുടെ ഭാഗമായി സി.ഡി.എസ് തലത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ സി.ഡി.എസ് മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന പലിശ സബ്‌സിഡി, മാച്ചിംഗ് ഗ്രാന്റ്, എസ്.ടി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള കോര്‍പ്പസ് ഫണ്ട് എന്നിവയുടെ വിതരണവും പൂര്‍ത്തിയാക്കും. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
സമ്പൂര്‍ണ്ണ തിരിച്ചടവ് ക്യാമ്പയിന്‍ ഭാഗമായി സി ഡി എസിന്റെ നേതൃത്വത്തില്‍ ബാങ്കുകളില്‍ നിന്ന് കുടിശ്ശിക വരുത്തിയ അയല്‍ക്കൂട്ടങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ബാങ്ക് മാനേജര്‍, സി.ഡി.എസ് അക്കൗണ്ടന്റ്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എന്നിവരടങ്ങിയ ബാങ്ക് തല കമ്മിറ്റി രൂപീകരിക്കും. പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മിറ്റി പരിശോധിക്കും.