Connect with us

Kannur

കണ്ണൂരില്‍ ഊണിന് തോന്നിയ വില

Published

|

Last Updated

കണ്ണൂര്‍: നഗരത്തില്‍ ഊണിന് വില തോന്നിയപോലെ. 25രൂപ മുതല്‍ മുകളിലോട്ടാണ് നഗരത്തിലെ വിലനിലവാരം. ഹോട്ടല്‍ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് യാതൊരു നിയന്ത്രണമോ ഇടപെടലോ ഇല്ലാത്തത് ഭക്ഷണസാധനങ്ങളുടെ വില തോന്നിയ പോലെ വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സഹായകരമാകുകയാണ്. പോലീസ് കാന്റിനിലും സയന്‍സ്പാര്‍ക്ക് കോമ്പൗണ്ടിലെ കുടുംബശ്രീ കാന്റീനിലും ഊണ്‍ 25 രൂപക്ക് ലഭിക്കും. കോടതി കാന്റീനിലാണെങ്കില്‍ 28 രൂപ നല്‍കണം.
സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോഫിഹൗസില്‍ ഊണ്‍വില 30 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന് സമീപത്തെ ശ്രീദേവി ഹോട്ടലില്‍ 28 രൂപക്ക് ഊണ്‍ ലഭിക്കുമ്പോള്‍ അതെ നിലവാരത്തിലുള്ള ഊണ്‍ കഴിച്ചാല്‍ വീറ്റ് ഹൗസിലാണെങ്കില്‍ 40 രൂപ നല്‍കണം. മറ്റ് ചില ഹോട്ടലുകളില്‍ 50 രൂപവരെയുണ്ട് ഊണിന്. ഹോട്ടലിന് ഭംഗികൂടുമ്പോള്‍ ഭക്ഷണസാധന വിലയും കൂടിക്കൊണ്ടേയിരിക്കും. പൊരിച്ച മത്സ്യത്തിനാണെങ്കില്‍ വില ഈടാക്കുന്നതില്‍ യാതൊരു കനിവുമില്ല. ഒരേ മത്സ്യത്തിന് പലവിധത്തിലാണ് വില. മാത്രമല്ല ഒരു ഹോട്ടലില്‍ ലഭിക്കുന്ന മത്സ്യത്തിന് മറ്റൊരു ഹോട്ടലിലേക്കാള്‍ വില ഇരട്ടിയോളം വ്യത്യാസം വരും. മത്തിക്ക് പത്ത് രൂപയാണ് മിനിമം നിരക്ക്. അയലക്ക് തുക തോന്നിയപോലെയാണ്. 30 രൂപമുതല്‍ 45 രൂപ വരെ നല്‍കണം ഒരു അയിലക്ക്. കട്‌ല എന്ന പുതിയാപ്ല മത്സ്യത്തിനുമുണ്ട് 30 രൂപമുതല്‍ 40 രൂപവരെ. അയക്കൂറ, ആവോലി എന്നിവക്കാണെങ്കില്‍ 50ന് മുകളിലാണ് നിരക്ക്.
മുന്‍കാലങ്ങളില്‍ ഹോട്ടലില്‍ അമിതമായ വില ഈടാക്കുമ്പോള്‍ യുവജന സംഘടനകള്‍ സമരപരിപാടികളുമായി രംഗത്തു വരാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രതികരണമുണ്ടാകാറില്ലെന്നതുകൊണ്ട് തന്നെ ചോദിക്കാനും പറയാനുമാരുമില്ലാത്ത അവസ്ഥയാണ്.

Latest