സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണമെന്ന് എഫ് എന്‍ സി

Posted on: September 5, 2013 12:43 am | Last updated: September 5, 2013 at 12:43 am

അബുദാബി: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കണമെന്ന് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍(എഫ് എന്‍ സി) ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് ജോലി ലഭിക്കാന്‍ ഈ നടപടി അത്യാവശ്യമാണെന്നും എഫ് എന്‍ സിയിലെ പ്രധാന അംഗങ്ങളാണ് പാര്‍ലമെന്റില്‍ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മികച്ച ശമ്പളവും മതിയായ അവധി ദിനങ്ങളും നല്‍കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ തയ്യാറായാല്‍ സ്വദേശി യുവാക്കളെ ഈ മേഖലയിലേക്ക് ആഘര്‍ഷിക്കാന്‍ സാധിക്കുമെന്നും ഇത് തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സഹായിക്കുമെന്നും എഫ് എന്‍ സി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലെടുക്കാന്‍ പ്രാപ്തമായ സ്വദേശികളുടെ 13 ശതമാനം തൊഴില്‍ രഹിതരായി കഴിയുകയാണ്. 40,000 സ്വദേശികള്‍ തൊഴില്‍ രഹിതരായി കഴിയുന്നതായാണ് ഇതുമായി ബന്ധപ്പെട്ട പഠനം വ്യക്തമാക്കുന്നത്. നിലവില്‍ മൂന്നു ലക്ഷത്തോളം സ്വദേശികള്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്നതായാണ് സര്‍ക്കാര്‍ കണക്ക്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് ശനിയാഴ്ച അവധി നല്‍കണമെന്നും ഇതിനായി യൂറോപ്യന്‍ മാതൃകയില്‍ മറ്റ് പ്രവര്‍ത്തിദിനങ്ങളില്‍ ജോലി സമയം വര്‍ധിപ്പിക്കുന്നത് പരിഗണിക്കണമെന്നും എഫ് എന്‍ സി ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് കമ്മിറ്റി തലവന്‍ സാലിം അല്‍ അംരി ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണിക്കണം. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇന്‍സെന്റീവ് തുച്ഛമായ സാഹചര്യത്തിലാണിത്.
100ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെയെല്ലാം ഇന്‍സെന്റീവ് വര്‍ധിപ്പിക്കേണ്ടവയുടെ പട്ടികയില്‍ ഒന്നാം ഘട്ടമായി ഉള്‍പ്പെടുത്തണം. അടുത്ത ആറു മാസത്തിനകം മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്കും ഇന്‍സെന്റീവ് നല്‍കല്‍ പ്രക്രിയ വ്യാപിപ്പിക്കണമെന്നും സാലിം അഭ്യര്‍ഥിച്ചു.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്ന സ്വദേശികളില്‍ ബഹുഭൂരിപക്ഷവും ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ളവ ആകര്‍ഷണമല്ലാത്തതിനാലാണിത്. ഇത് ഇത്തരക്കാരെ ജോലി ഉപേക്ഷിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതായി മറ്റൊരു എഫ് എന്‍ സി അംഗവും സ്വദേശിവത്ക്കരണ വിഭാഗം പാനല്‍ തലവനുമായ ഹമാദ് അല്‍ റഹൂമി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആദായ നികുതി ഈടാക്കുന്ന സംവിധാനം നിലവിലില്ലാത്തതിനാല്‍ സ്വകാര്യ കമ്പനികള്‍ വന്‍ ലാഭമാണ് വിവിധ ഇടപാടുമായി ബന്ധപ്പെട്ട് കൊയ്യുന്നത്. ഇത്തരം കമ്പനികള്‍ക്ക് സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് മറ്റൊരംഗവും വ്യക്തമാക്കി.
നിലവിലെ തൊഴില്‍ സാഹചര്യത്തില്‍ ശനിയാഴ്ച അവധി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതിന് പകരമായി മതിയായ ശമ്പളം നഷ്ടപരിഹാരമായി നല്‍കാന്‍ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടണമെന്ന് എഫ് എന്‍ സി യൂട്ടിലിറ്റി കമ്മിറ്റി തലവന്‍ അഹമ്മദ് അല്‍ അമാഷ് ആവശ്യപ്പെട്ടു.