ചൈനയില്‍ അന്വേഷണ സംഘം ഉദ്യോഗസ്ഥനെ മുക്കിക്കൊന്നു

Posted on: September 5, 2013 12:19 am | Last updated: September 5, 2013 at 12:24 am

ബീജിംഗ്: ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്വേഷണ സംഘം ഉദ്യോഗസ്ഥനെ മുക്കിക്കൊന്നു. വെന്‍സുഹോയിലെ പൊതുമേഖലാ കമ്പനിയിലെ ചീഫ് എന്‍ജിനീയറായ യു ക്വിയിയാണ് ഏപ്രില്‍ ഒമ്പതിന് കൊല്ലപ്പെട്ടത്. കുറ്റം സമ്മതിപ്പിക്കാനായി അന്വേഷക സംഘം തണുത്തവെള്ളമൊഴിച്ച ടബ്ബില്‍ തലമുക്കിപ്പിടിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ ഉദ്ധരിച്ച് ബീജീംഗ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ എട്ടിന് രാത്രി നടന്ന ചോദ്യംചെയ്യലിനിടെ യു വിന്റെ തല പലതവണ ടബ്ബില്‍ മുക്കിപ്പിടിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
38 ദിവസം തടങ്കലില്‍വെച്ച് ചോദ്യം ചെയ്ത യുവിന്റെ ശരീരത്തിനകത്തും പുറത്തും നിരവധി മുറിവുകളേറ്റിരുന്നുവെന്നും ഏപ്രില്‍ ഒമ്പതിന് ആശുപത്രിയില്‍ വെച്ചാണ് യു മരിച്ചതെന്നും ഭാര്യ വ്യു ക്വിയാന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ യു ക്വിയി ആഭ്യന്തര അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റസമ്മതം നടത്താന്‍വേണ്ടിയാണ് അന്വേഷക സംഘം പീഡിപ്പിച്ചതും ഒടുവില്‍ കൊലപ്പെടുത്തിയതും.