Connect with us

National

വന്‍സാരയുടെ രാജി സ്വീകരിച്ചില്ല

Published

|

Last Updated

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഡി ഐ ജി. ഡി ജി വന്‍സാരയുടെ രാജി ഗുജറാത്ത് സര്‍ക്കാര്‍ നിരാകരിച്ചു. ഏറ്റുമുട്ടല്‍ കേസുകളില്‍ വന്‍സാര പ്രതിയാണെന്നതിനാല്‍ രാജി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഗുജറാത്ത് കലാപത്തിനു ശേഷം പോലീസ് സംഘടിപ്പിച്ച വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ വന്‍സാരയെ പോലെ നരേന്ദ്ര മോഡിയോട് കൂറ് പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ചൊവ്വാഴ്ചയാണ് വന്‍സാര രാജിക്കത്ത് അയച്ചത്. സര്‍ക്കാറിനോട് കൂറുപുലര്‍ത്തുന്ന ഉദ്യോഗസ്ഥന്‍മാരെ മോഡി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് രാജിക്കത്തില്‍ ആരോപിച്ചിരുന്നു. സി ബി ഐയില്‍ നിന്ന് സ്വന്തം തൊലി സംരക്ഷിക്കാനും രാഷ്ട്രീയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുമാണ് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വന്‍സാരയുടെ പത്ത് പേജ് വരുന്ന കത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ക്കായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് കത്തെഴുതിയത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സര്‍ക്കാറിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് വന്‍സാര കത്തില്‍ ഉന്നയിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എന്ന വ്യാജേന നിരപരാധികളായ നിരവധി പേരെ വ്യാജ ഏറ്റുമുട്ടലുകളില്‍ വെടിവെച്ചു കൊന്നിരുന്നു. താനും സര്‍ക്കാറിനോട് കൂറ് പുലര്‍ത്തുന്ന പോലീസിലെ മറ്റ് ഉദ്യോഗസ്ഥരും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗുജറാത്ത് സര്‍ക്കാറിന്റെ നയനിലപാടുകള്‍ “ആത്മാര്‍ഥമായി” നടപ്പാക്കുകയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രോത്സാഹനമുണ്ടായിരുന്നുവെന്നും വന്‍സാര പറഞ്ഞു. കൂറ് പുലര്‍ത്തിയവരെ സര്‍ക്കാര്‍ ഒരു നിലയിലും സംരക്ഷിച്ചില്ല. സര്‍ക്കാറില്‍ പിടിമുറുക്കിയ വഞ്ചകര്‍ക്ക് വഴങ്ങിയാണ് മോഡി പ്രവര്‍ത്തിക്കുന്നതെന്ന് വന്‍സാര ആരോപിച്ചു. തങ്ങള്‍ നടത്തിയ “ത്യാഗപൂര്‍ണമായ” സേവനങ്ങളാണ് “ഗുജറാത്ത് മോഡല്‍ വികസനത്തിന്” വഴിയൊരുക്കിയതെന്നും വന്‍സാര അവകാശപ്പെട്ടു.
നരേന്ദ്ര മോഡി സര്‍ക്കാറിന് ഇനി സ്ഥാനം ഗാന്ധിനഗറിലല്ല, പകരം നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലോ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലോ ആയിരിക്കുമെന്നും വന്‍സാര കത്തില്‍ പറഞ്ഞിരുന്നു.